ഇന്ത്യയെ അപ്രഖ്യാപിത ഹിന്ദു രാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്: അസംഖാന്‍

ലക്‌നൗ: ഇന്ത്യയെ അപ്രഖ്യാപിത ഹിന്ദു രാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്‍. ഹിമാചല്‍ പ്രദേശില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഒരാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും മൃഗങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് ഖാന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയില്‍ യുപിയിലെ ദാദ്രിയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ചു മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചുള്ള റിപ്പോര്‍ട്ടിനെയും അസംഖാന്‍ കുറ്റപ്പെടുത്തി. ഗോവധം നടത്തുന്നവരെ കൊല്ലാന്‍ വേദങ്ങളില്‍ നിര്‍ദേശമുണ്ടെന്നായിരുന്നു പാഞ്ചജന്യയില്‍ പറഞ്ഞത്.

ഇതിലൂടെ ആര്‍എസ്എസിന്റെ നിലപാട് എന്താണെന്ന് വ്യക്തമായെന്നും രാജ്യം അരക്ഷിതാവസ്ഥയിലേക്കു പോവുകയാണെന്നും ഖാന്‍ പറഞ്ഞു. അവരുടെ ഭാഷയില്‍ ഇന്ത്യയൊരു അപ്രഖ്യാപിത ഹിന്ദുരാഷ്ട്രമാണ്. ഹിന്ദുക്കളുടെ വിശ്വാസത്തെ ഹനിക്കുന്നവരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥാണുള്ളതെന്നും അസംഖാന്‍ പറഞ്ഞു.

Top