കറാച്ചി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമാകുന്നതുവരെ ക്രിക്കറ്റ് ബന്ധം പാടില്ലെന്ന സൗരവ് ഗാംഗുലിയുടെ പ്രസ്താവന തള്ളി മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം. രാഷ്ട്രീയമായ വൈരം മറന്ന് കായിക മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് വസീം അക്രം പറഞ്ഞു.
സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുത്. രണ്ടും വേറിട്ടതാണ്. ഇരുരാജ്യങ്ങളും ക്രിക്കറ്റ് കളിക്കണണമെന്നും അക്രം പറഞ്ഞു. 1999ല്‍ ക്യാപ്റ്റനായി ഇന്ത്യയിലേക്ക് പരമ്പരക്ക് വന്നത് അക്രം ഓര്‍മിച്ചു. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു ഇന്ത്യയിലേക്കുള്ള വരവെന്ന് അക്രം പറഞ്ഞുു.
സമാധാനാന്തരീക്ഷം ഒട്ടുമില്ലാതിരുന്ന ആ സമയത്തും പാകിസ്താന്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്നില്ല. തങ്ങളോടൊപ്പം എപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരാിരുന്നു. അധികസമയവും തങ്ങള്‍ ഹോട്ടല്‍മുറികളിലാണ് കഴിച്ചുകൂട്ടിയതെന്നും അക്രം പറഞ്ഞു. ഇരു രാജ്യങ്ങളിലെ ജനങ്ങളും ക്രിക്കറ്റ് ബന്ധം ഏറെ ആഗ്രഹിക്കുന്നെന്ന് ഇന്ത്യയില്‍ സ്ഥിരം സന്ദര്‍ശകനായ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അക്രം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ നടക്കുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രണ്ട് മാസത്തിനകം തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യപാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പഞ്ചാബിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ചര്‍ച്ചകള്‍ നടക്കില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അറിയിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ 2007ലാണ് അവസാനമായി പരമ്പര നടന്നത്.