കൊച്ചി: 18,000ത്തിലേറെ കിലോമീറ്ററുകള്‍ 135 ദിവസങ്ങള്‍കൊണ്ട് സഞ്ചരിച്ച് ഇന്ത്യ കണ്ട് മടങ്ങിയ സൈമണ്‍ ബ്രിട്ടോക്ക് ബംഗാളില്‍ പോലും കാണാനായില്ല സിപിഎമ്മിന്റെ ചോര ചെങ്കൊടി.
എസ്എഫ്‌ഐ സംസ്ഥാന നേതാവായിരിക്കെ കെ.എസ്‌യു പ്രവര്‍ത്തകരുടെ കുത്തേറ്റ് ശരീരം പാതി തളര്‍ന്ന് എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ നാലര മാസത്തെ രാജ്യ പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടില്‍ മടങ്ങിയെത്തിയത്.
വീല്‍ചെയറും അത്യാവശ്യം വസ്ത്രങ്ങളുമായി ബ്രിട്ടോ യാത്ര ആരംഭിച്ചത് ഏപ്രില്‍ ഒന്നിനാണ്. അതും അംബാസിഡര്‍ കാറില്‍.
മൂന്ന് വര്‍ഷമായി ഒപ്പമുള്ള അര്‍ജുന്‍ ദാസും വയനാട്ടുകാരനായ ഡ്രൈവര്‍ ജിജോയും യാത്രയെപ്പറ്റി കേട്ടറിഞ്ഞെത്തിയ കാക്കനാട് സ്വദേശി ചാക്കോയും ഒരുമിച്ചായിരുന്നു യാത്ര.
അതിസാഹസികമായ യാത്രയില്‍ ബംഗാളിലൂടെ കടന്ന് പോയപ്പോഴാണ് ഒരു കാലത്ത് ചെങ്കോട്ടയായിരുന്ന വംഗനാട്ടില്‍ സിപിഎമ്മിന്റെ ഒരു കൊടിപോലും ബ്രിട്ടോക്കും സംഘത്തിനും ദര്‍ശിക്കാന്‍ കഴിയാതിരുന്നത്.
പതിറ്റാണ്ടുകളോളം സിപിഎം ഭരണത്തിന്‍കീഴിലായിരുന്ന ബംഗാളിലെ ‘മമതാരാജ്’ ഒരു കൊടി നാട്ടാന്‍ പോലും കഴിയാത്ത തരത്തില്‍ സിപിഎമ്മിനെ പ്രഹരമേല്‍പ്പിച്ചത് നേരിട്ട് മനസിലാക്കാന്‍ അവര്‍ക്ക് ഈ യാത്രയില്‍ കഴിഞ്ഞു.
മെയ് രണ്ടിന് ഗംഗോത്രിയിലേക്കുള്ള യാത്രക്കിടെ മരണത്തെയും ബ്രിട്ടോയും സംഘവും മുഖാമുഖം കണ്ടു.
സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലൂടെയുള്ള യാത്രാ റോഡ് വളരെ ഇടുങ്ങിയത്, ആള്‍ താമസം കുറവ്, ഗംഗോത്രിക്ക് 30 കിലോമീറ്റര്‍ മുന്‍പ് സുഖിയ്യ എന്ന സ്ഥലത്ത് വച്ച് കാറിന്റെ വലതുവശത്തെ വീലിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കാതെയായി. ഡല്‍ഹി മുതല്‍ യാത്രയില്‍ ഒപ്പം കൂടിയ ഭാര്യയും എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സീനയും മകളും കൂടെയുണ്ടായിരുന്നു.
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തില്‍ രക്ഷകനായത് ആര്‍മിയില്‍ ജോലി ചെയ്യുന്ന ശിവപ്രസാദാണ്.
പട്ടാളക്കാര്‍ക്കൊപ്പം ഒരു ദിവസത്തെ താമസം. പിന്നീട് കേട് വന്ന ബ്രേക്ക് വിച്ഛേദിച്ച് മൂന്ന് വീലിന്റെ ബ്രേക്ക് മാത്രമായി 60 കിലോ മീറ്ററോളം യാത്ര ചെയ്ത് ഉത്തര കാശിയിലെത്തിയ ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.
യാത്രയില്‍ തന്നെ ഏറെ സ്വാധീനിച്ചത് എല്ലോറ ഗുഹയാണെന്നാണ് ബ്രിട്ടോ പറയുന്നത്.
വികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ നാട് ഏറെ മെച്ചമാണെന്നാണ് ഇന്ത്യായാത്ര ബ്രിട്ടോയെ പഠിപ്പിച്ച പാഠം.
വഴിയരികില്‍ കിടന്നുറങ്ങി,. കുളിച്ച്, ഭക്ഷണം കഴിച്ചുള്ള യാത്രയില്‍ ഓരോ നിമിഷവും വലിയ അനുഭവമാണ് ബ്രിട്ടോക്കും സംഘത്തിനും പകര്‍ന്നത്.
ഒരുപാട് പേര്‍ സഹായിച്ചതിനുള്ള നന്ദിയും ബ്രിട്ടോ സ്മരിക്കുന്നു.