ദുബായ്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യുഎഇയിലുള്ള നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അവസരങ്ങളുടെ നാടാണ്. 125 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത ഒരു വിപണി മാത്രമല്ലെന്നും വന്‍ ശക്തി സ്രോതസാണെന്നും മോദി വ്യക്തമാക്കി. മസ്ദാര്‍ പട്ടണത്തില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോകത്തിലെതന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു മോദി ചൂണ്ടിക്കാട്ടി. വികസനത്തിന് ഇന്ത്യയില്‍ തുറന്ന അവസരങ്ങളാണുള്ളത്. ലോകബാങ്കും, ഐഎംഎഫും ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യയെ കാണുന്നത്. ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 500 ലക്ഷം ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യയും യുഎഇയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അത് ഏഷ്യയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കുമെന്ന ശുഭപ്രതീക്ഷയും മോദി പ്രകടിപ്പിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളും യുഎഇയുടെ ശക്തിയും ചേര്‍ന്നാല്‍ ഏഷ്യയുടെ നൂറ്റാണ്ടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.