ന്യൂഡല്‍ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങുമെന്ന് ഉറപ്പു ലഭിച്ചതായി സുഷമ സ്വരാജ്. അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന സംഘര്‍ഷം അവസാനിപ്പിച്ച് നിന്ന് ഇരു വിഭാഗം സൈനികരുടെയും പിന്മാറ്റം ഇന്ന് തുടങ്ങും. മുപ്പതാം തിയ്യതിയോടു കൂടി പിന്മാറ്റം പൂര്‍ണമാകും. ഇതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും സുഷമ അറിയിച്ചു.അമേരിക്കയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അവര്‍ ഇക്കാര്യം വ്യകതമാക്കിയത്.
ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ച പൂര്‍ണവിജയമായിരുന്നു. പ്രശ്‌നം പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതില്‍ നിര്‍ണായകമായെന്നും സുഷമ വ്യക്തമാക്കി.
പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് സുഷമസ്വരാജ് അമേരിക്കയിലെത്തിയത്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മാലിദ്വീപ്, നോര്‍വ്വെ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സുഷമസ്വരാജ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.