ചമ്പാരന്‍: രാജ്യം ഭരിക്കുന്നത് സ്യൂട്ട്-ബൂട്ട് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിഹാറിലെ ചമ്പാരനില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോഡി സര്‍ക്കാരിനെതിരായ രാഹൂലിന്റെ രൂക്ഷ വിമര്‍ശനം.
ഒരു ചായ വില്‍പ്പനക്കാരനായാണ് മോഡി ജീവിതം തുടങ്ങിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സ്ഥിരമായി ധരിച്ചുകൊണ്ടിരുന്ന കുര്‍ത്തയില്‍ നിന്ന് 15 ലക്ഷത്തിന്റെ സ്യൂട്ടിലേക്കെത്തിയെന്ന് രാഹുല്‍ പരിഹസിച്ചു.
അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത മോഡി ലളിത് മോഡിയേയും സുഷമ സ്വരാജിനെയും സംരക്ഷിക്കുകയാണ്. രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും വിദേശത്ത് നിന്ന് കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ ഇടുമെന്നും പറഞ്ഞു. എന്തെങ്കിലും നടന്നോ എന്ന് രാഹുല്‍ ചോദിച്ചു.
തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ മോഡി ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ആവശ്യമുള്ള ജനങ്ങളുമായി സംസാരിക്കണം. അല്ലാതെ വില കൂടിയ സൂട്ടിട്ടവരുമായി സംസാരിച്ചിട്ട് കാര്യമില്ല. ബിഹാറില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.