ന്യൂഡല്‍ഹി: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കൊച്ചി ഏകദിനത്തിലെ തോല്‍വിക്ക് പകരം വീട്ടാനായിട്ടാകും ധോണിയും ടീമും ഇന്ന് രണ്ടാം ഏകദിനത്തിന് ഇറങ്ങുക. ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഉച്ചക്ക് 2.30 നാണ് മത്സരം. പരുക്കേറ്റ മോഹിത് ശര്‍മ്മയ്ക്ക് പകരം ഇശാന്ത് ശര്‍മ്മയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
ഭാഗ്യവേദിയെന്ന് അറിയപ്പെട്ടിരുന്ന കൊച്ചിയില്‍ ധോണിയും സംഘവും തോറ്റത് 124 റണ്‍സിനായിരുന്നു. ഈ പരാജയത്തോടെ ഏകദിനക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരെന്ന പദവിയും ഇന്ത്യക്ക് നഷ്ടമായി.
വിവാദങ്ങളിലും പ്രതിസന്ധികളിലും തളരാതെ ഒറ്റക്കെട്ടായി പൊരുതിയ വീന്‍ഡീസ് 124 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഭാവനശൂന്യമായ ബാറ്റിംഗ് നിരയും ടോസ് സ്വന്തമാക്കിയിട്ടും ഫീല്‍ഡ് ചെയ്യാനുളള തീരുമാനവുമാണ് ഇന്ത്യയെ പിറകോട്ടടിച്ചത്. കൊച്ചിയില്‍ പരാജയമായ സ്പിന്നര്‍ അമിത് മിശ്രക്ക് പകരം പുതുമുഖം കുല്‍ദീപ് യാദവിന് ധോണി അവസരം നല്‍കിയേക്കും.
ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിലും മികച്ച പ്രകടനമായിരുന്നു വിന്‍ഡീസിന്റെത്. മര്‍ലോ സാമുവല്‍സ്, ദിനേശ് രാംദിന്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരടങ്ങിയ മികച്ച ബാറ്റിംഗ് ലൈന്‍ അപ്പിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷ. രവി രാംപോള്‍, ഡാരന്‍ സമ്മി, ആന്‍ഡ്ര റസല്‍ എന്നിവരടങ്ങിയ ബൗല്‍ഗ് നിരയും ഫോമിലാണ്. ഓള്‍റൗണ്ടര്‍ കീറോ പൊള്ളാര്‍ഡ് കൂടി ഫോമിലേക്കെത്തിയാല്‍ വിജയം വീണ്ടും വിന്‍ഡീസിനൊപ്പം നില്‍ക്കും.