കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 130നാണ് മല്‍സരം. അഞ്ചു മല്‍സരങ്ങള്‍ അടങ്ങിയതാണ് പരമ്പര. നായകന്‍ ധോണിക്ക് വിശ്രമം അനുവദിച്ച ഇന്ത്യ, വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇറങ്ങുക. അതേസമയം, ബൗളിംഗിലെ പ്രധാന ശക്തികളായ ലസിത് മലിംഗയും രംഗണ ഹെറാത്തും ഇല്ലാതെയാണ് ആഞ്ജലോ മാത്യൂസിന്റെ നേതൃത്വത്തില്‍ ലങ്ക ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.
ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏകദിന പരമ്പര 2011 ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ തമ്മിലാണെന്നത് ശ്രദ്ധേയം. ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യയും ട്വന്റി20 ലോകകപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയും തമ്മിലാണ് മത്സരമെന്നതും ശ്രദ്ധേയം.
റെയ്‌നയും കൊഹിയുമടങ്ങുന്ന മധ്യനിരയാണ് ഇന്ത്യയുടെ ശക്തി. ഇരുന്നൂറാം ഏകദിന മത്സരത്തിനാണ് റെയ്‌ന ഇന്ന് പാഡണിയുന്നത്. അശ്വിന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഭുനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചു. ഉമേഷ് യാദവിനെ കൂടാതെ വരുണ്‍ ആരോണും ഇന്ത്യന്‍ നിരയിലുണ്ട്. വ്യദ്ധിമാന്‍ സാഹയായിരിക്കും വിക്കറ്റ് കീപ്പറുടെ റോളണിയുക.
ലോകകപ്പിന് മാസങ്ങള്‍ ശേഷിക്കെ ഇരുടീമുകളും ഒരുങ്ങിത്തന്നെയാകും കളത്തിലിറങ്ങുക.റാങ്കിംഗില്‍ മുന്നേറാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര.
വെസ്റ്റിന്‍ഡീസ് ടീം ഇന്ത്യന്‍ പര്യടനം പകുതി വഴിക്ക് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് ബിസിസിഐ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഏകദിന പരമ്പര നടത്താന്‍ ധാരണയിലെത്തിയത്.