ഇന്റലിജന്‍സ് ആസ്ഥാനം പിടിക്കാന്‍ വിമതര്‍: അലപ്പോയില്‍ വന്‍ പോരാട്ടം

ദമസ്‌കസ്: അലപ്പോയിലെ എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ഹെഡ്‌കോര്‍ട്ടേഴ്‌സിന് സമീപം സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ പൊരിഞ്ഞ യുദ്ധം. ഏറെക്കാലമായി വിമതരുടെ ലക്ഷ്യമായ ഇന്റലിജന്‍സ് ആസ്ഥാനം പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ യുദ്ധമാണ് നടക്കുന്നതെന്നും ഇരുവിഭാഗവും ബോംബ് വര്‍ഷിക്കുന്നുണ്ടെന്നും മനുഷ്യാവകാശം സംബന്ധിച്ച് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നിരീക്ഷകന്‍ റാമി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.

നാശനഷ്ടങ്ങളെക്കുറിച്ചോ അത്യാഹിതത്തെക്കുറിച്ചോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച പടിഞ്ഞാറന്‍ അലപ്പോയിലെ എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെ വിമതര്‍ വലിയ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഈ ആക്രമണത്തില്‍ 20 സുരക്ഷാ സൈനികരും 14 വിമതരും കൊല്ലപ്പെട്ടു. ഇതേതുടര്‍ന്നാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായത്. സിറിയന്‍ സൈനിക വക്താവ് ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചു. വിമതരുടെ ഏറെക്കാലമായുള്ള ലക്ഷ്യമാണ് അലപ്പോയിലെ എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ആസ്ഥാനം. കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് കേടുപാടുണ്ടാക്കിയ വന്‍ സ്‌ഫോടനത്തോടെയാണ് ആസ്ഥാനത്തിന് നേരെ ആക്രമണം ആരംഭിച്ചത്.

ആസ്ഥാനത്തിന്റെ ഭാഗമായ തുരങ്കത്തിലായിരുന്നു സ്‌ഫോടനം. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എന്‍ പ്രതിനിധി സംഘം അലപ്പോ സന്ദര്‍ശിക്കാനിരിക്കെയാണ് വന്‍ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. സിറിയയുടെ വാണിജ്യ കേന്ദ്രമായ അലപ്പോ 2012ല്‍ സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതു മുതല്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കയാണ്.

Top