ഇന്‍ഷ്വറന്‍സ് ബില്ലിന് രാജ്യസഭയുടെയും അംഗീകാരം

ന്യൂഡല്‍ഹി: ദീര്‍ഘ നാളായി തീരുമാനമാകാതെ കിടന്ന ഇന്‍ഷ്വറന്‍സ് ബില്ലിന് രാജ്യസഭയുടെയും അംഗീകാരം. ശബ്ദവോട്ടോടെയാണ് ബില്ല് രാജ്യസഭ പാസാക്കിയത്. എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ സുപ്രധാന സാമ്പത്തിക പരിഷ്‌കാര നടപടിയെന്ന് വിലയിരുത്താവുന്ന ബില്ല് കോണ്‍ഗ്രസിന്രെ പിന്‍തുണയോടെയാണ് രാജ്യസഭ കടന്നത്. എ.ഐ.എ.ഡി.എം.കെ, എന്‍.സി.പി, ബി.ജെ.ഡി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. അതേസമയം, ബില്ലിനെ എതിര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി, ബി.എസ്.പി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26ല്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തുന്ന ഭേദഗതി 2008ല്‍ യുപിഎ സര്‍ക്കാരാണ് ആദ്യം മുന്നോട്ടു വച്ചത്. എന്നാല്‍ ഇടതു പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ തകരുകയായിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്കു വിട്ട് ബില്ലില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

Top