ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണമില്ല; മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി ഇരട്ട നീതി.. !

തിരുവനന്തപുരം: നേതൃമാറ്റത്തിന് ലീഗ് പിന്‍തുണ ഉറപ്പിക്കാന്‍ ഗണേഷ് കുമാറിന്റെ പരാതിയില്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ധനമന്ത്രി കെ.എം മാണിക്കും കോണ്‍ഗ്രസിന്റെ എക്‌സൈസ് മന്ത്രി കെ. ബാബുവിനും നല്‍കാത്ത ഇളവാണ് ലീഗ് മന്ത്രിയായ ഇബ്രാഹിംകുഞ്ഞിന് നല്‍കുന്നത്. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ പ്രതിയാക്കുകയും എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് വിജിലന്‍സ്.

ഇതിനിടെയാണ് മുന്‍ മന്ത്രി ഗണേഷ്‌കുമാര്‍ തെളിവു സഹിതം ലോകായുക്തയില്‍ സമര്‍പ്പിച്ച, മന്ത്രി ഇബ്രാഹിംകുഞ്ഞിനും സ്റ്റാഫിനുമെതിരെയുള്ള അഴിമതി കേസ് വിജിലന്‍സ് അവഗണിക്കുന്നത്.

കോടികളുടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചും അഴിമതികളെക്കുറിച്ചും ഗണേഷ് തെളിവു സഹിതം പരാതി നല്‍കിയിട്ടും വിജിലന്‍സ് കണ്ടില്ലെന്ന് നടിക്കുകയാണ്.

മുസ്ലീം ലീഗ് ദേശീയ ട്രഷററും വ്യവസായ മന്ത്രിയുമായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ഇബ്രാഹിം കുഞ്ഞിനെ സംരക്ഷിക്കുന്നതിലൂടെ നേതൃമാറ്റമെന്ന ആവശ്യത്തില്‍ ലീഗിന്റെ പിന്‍തുണയാണ് ചെന്നിത്തല പ്രതീക്ഷിക്കുന്നത്. 20 എംഎല്‍എമാരുള്ള മുസ്ലീം ലീഗ് പിന്തുണച്ചാല്‍ ഉമ്മന്‍ചാണ്ടിയെ മാറ്റി ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാനുള്ള വഴിതുറക്കും.

ചാരക്കേസ് ഉയര്‍ത്തി കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാന്‍ ഉമ്മന്‍ചാണ്ടി ലീഗിനെ ഇറക്കിയാണ് കളിച്ചിരുന്നത്. കരുണാകരനെ മാറ്റണമെന്ന് അന്ന് മുസ്ലീം ലീഗ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതോടെയാണ് കരുണാകരനെ മാറ്റി ആന്റണിയെ മുഖ്യമന്ത്രിയായി അവരോധിച്ചത്.

അന്ന് ഘടകകക്ഷികളില്‍ എം.വി രാഘവനും ടി.എം ജേക്കബും, ആര്‍.ബാലകൃഷ്ണപിള്ളയും മാത്രമായിരുന്നു കരുണാകരനൊപ്പം ഉറച്ചു നിന്നത്. ലീഗും കെ.എം മാണിയും കരുണാകരനെ നീക്കാന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ഒത്തുകളിക്കുകയായിരുന്നു.

ബാര്‍ കോഴ അഴിമതി കേസുയര്‍ന്നതോടെ കെ.എം മാണിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അകല്‍ച്ചയേറിയിട്ടുണ്ട്. ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന ആരോപണമാണ് കേരള കോണ്‍ഗ്രസിനുള്ളത്.

എന്നാല്‍ മാണിക്കെതിരെ കേസെടുപ്പിച്ച ചെന്നിത്തലയോടും മാണിക്ക് അനുഭാവമില്ലെന്നതും ശ്രദ്ധേയമാണ്. സെപ്തംബറിലെ തദ്ദേശതെരഞ്ഞെടുപ്പിനു മുന്‍പെ കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്റിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഈ ആവശ്യത്തിന് ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്‍തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ചെന്നിത്തല.

Top