ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ ആക്ട് പ്രകാരം കുറ്റം ചുമത്തി. പഞ്ചാബ് മുന്‍ നിയമ മന്ത്രി റാന സനാഉല്ലക്കെതിരെ ഫൈസലാബാദിലെ റാലിയില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തീവ്രവാദ കുറ്റം ചുമത്തിയത്. തിങ്കളാഴ്ച ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തന്നെ ആക്രമിക്കാന്‍ പ്രചോദിപ്പിച്ചതെന്ന് സനാഉല്ല പറഞ്ഞു. ഇതിന് ശേഷമാണ് ഇമ്രാന്‍ ഖാനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.
പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് അവാമി മേധാവി ശൈഖ് റാശിദ്, പാക്കിസ്ഥാന്‍ തഹ്‌രീക്കെ ഇന്‍സാഫ് (പി ടി ഐ) നേതാക്കളായ മഹ്മൂദ് ഖുറൈശി, ആരിഫ് അല്‍വി, അസദ് ഉമര്‍ എന്നിവര്‍ക്കെതിരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താനും രാജ്യത്തിന്റെ പുരോഗതി തടസ്സപ്പെടുത്താനും രാജ്യം അരക്ഷിതമാക്കാനും ആവശ്യപ്പെട്ടാണ് തഹ്‌രീക്കെ ഇന്‍സാഫ് നേതാക്കള്‍ റാലി നടത്തിയതെന്ന് സനാഉല്ല ആരോപിച്ചു.
തന്റെ വീട് ആക്രമിക്കാനും വളയാനും ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. 400ല്‍ അധികം പേര്‍ ചേര്‍ന്നാണ് തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ അനുയായികള്‍ സ്ഥലത്തുള്ളതിനാലാണ് വീട് കീഴടക്കാന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.