ഇറാക്കില്‍ ആഭ്യന്തര കലാപത്തില്‍ നവംബറില്‍ 1,200 ലധികം പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ഇറാക്കില്‍ നവംബറില്‍ 1,232 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്. 936 സധാരണക്കാരും 296 സുരക്ഷ സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ഫോര്‍ ഇറാക്ക് അറിയിച്ചു. കലാപത്തില്‍ 2,434 പേര്‍ക്ക് പരിക്കേറ്റു. അതേസമയം, മരിച്ചവരുടെ കണക്കില്‍ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല.

അല്‍ അന്‍ബര്‍ പ്രവിശ്യയിലാണ് ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ടത്. അവിടെ 402 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ബാഗ്ദാദില്‍ 332 പേരും സലാദിനില്‍ 74 പേരും കൊല്ലപ്പെട്ടു. ഈ വര്‍ഷം ഇതിനോടകം 12,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 22,000 പേര്‍ക്ക് പരിക്കേറ്റു. കലാപ ബാധിത പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്തവര്‍ ഭക്ഷണം, വെള്ളം, ചികിത്സ എന്നിവ ലഭിക്കാതെ മരിക്കുന്നത് സാധാരണയാണ്.

Top