ടെഹ്റാന്: ഇസില്‍ തീവ്രവാദികള്‍ക്കെതിരായ സൈനിക ദൗത്യത്തില്‍ ഇറാന്റെ പിന്തുണ തേടി യു എസ് പ്രസിഡന്റ് ബരാക് ഒബാമ രഹസ്യ കത്തയച്ചതായി റിപ്പോര്‍ട്ട്. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് കഴിഞ്ഞ മാസമാണ് ഒബാമ കത്തെഴുതിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസില്‍ തീവ്രവാദികളുമായുള്ള പോരാട്ടത്തില്‍ ഇറാന്റെ പിന്തുണ അനിവാര്യമാണെന്നും അത് അടിയന്തരമായി ലഭ്യമാക്കണമെന്നും ഒബാമ ആവശ്യപ്പെടുന്നു. നവംബര്‍ 24ന് ഇറാന്റെ ആണവ പരിപാടി സംബന്ധിച്ച് അമേരിക്കയടക്കമുള്ള ആറ് രാഷ്ട്ര കൂട്ടായ്മ അന്തിമ കരാര്‍ രൂപപ്പെടുത്താനിരിക്കെയാണ് ഈ കത്തെന്നത് ശ്രദ്ധേയമാണ്. ആണവ പരിപാടി മുന്നില്‍ വെച്ച് ഇറാനെ യുദ്ധത്തിലേക്ക് ആകര്‍ഷിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. പുതിയ നയതന്ത്ര നീക്കങ്ങള്‍ ഇറാനുമായുള്ള ആണവ ഉടമ്പടി യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സിറിയയിലെ ബശര്‍ അല്‍ അസദ് ഭരണകൂടത്തിന് ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ഇസില്‍ സംഘത്തിനെതിരെ ഇറാന് തിരിഞ്ഞത്. അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാന് സമ്മതം മൂളിയിട്ടില്ല.
എന്നാല്‍ ബശര്‍ അല്‍ അസദിനെ സംരക്ഷിച്ചു നിര്‍ത്തുക, ആണവ പരിപാടികളില്‍ ഇളവ് അനുവദിക്കുക എന്നീ നിബന്ധനകള്‍ പാലിച്ചാല്‍ അമേരിക്കയോടൊപ്പം ചേരാമെന്ന അഭിപ്രായമാണ് ഇറാനില്‍ ശക്തിപ്പെടുന്നത്. 2009ല്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാം തവണയാണ് ഒബാമ ഇറാന് പരമോന്നത നേതൃത്വത്തിന് കത്തെഴുതുന്നത്. ഇറാനെക്കുറിച്ച് എന്ത് അഭിപ്രായ വ്യാത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇസില്‍ സംഘത്തിനെതിരെ തുടങ്ങി വെച്ച ദൗത്യത്തെ കരക്കെത്തിക്കാന്‍ ഇറാന് അനിവാര്യമാണെന്ന് ഒബാമ കരുതുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വിലയിരുത്തുന്നു. മുതിര്‍ന്ന സെനറ്റര്‍മാരായ ജോണ്‍ മക്കെയിനും ലിന്‍ഡ്സി ഗ്രഹാമും ഒബാമയുടെ കത്തിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.