ആഥന്‍സ്: അഡ്രിയാറ്റിക് സമുദ്രത്തില്‍ തീപിടിച്ചു മുങ്ങുന്ന ഇറ്റാലിയന്‍ കടത്തുകപ്പല്‍ നോര്‍മന്‍ അറ്റ്‌ലാന്റിക്കിലെ യാത്രികരില്‍ 190 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കപ്പലില്‍ ശേഷിക്കുന്ന 280 ലധികം യാത്രികരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. ഇവരെ രക്ഷിക്കാന്‍ ഹെലികോപ്്റ്ററുകളും കപ്പലുകളും ശ്രമം തുടരുന്നു. യാത്രികരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
പടിഞ്ഞാറന്‍ ഗ്രീസിലെ പത്രാസില്‍നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്കു തിരിച്ച കടത്തു കപ്പലില്‍ 222 വാഹനങ്ങളുണ്ട്. ഇന്നലെ രാവിലെ പ്രാദേശികസമയം ആറു മണിക്കാണ് കപ്പലിന്റെ താഴത്തെ ഡക്കിലെ ഗാരേജില്‍ തീ കണ്ടത്. 478 യാത്രികരും ജീവനക്കാരും സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ പതാക വഹിക്കുന്ന കടത്തുകപ്പല്‍ കോര്‍ഫ്യൂ ദ്വീപിനു സമീപം എത്തിയപ്പോഴാണു ദുരന്തം. ഗ്രീക്ക് കമ്പനിയായ അനെക്കാണ് 269000ടണ്‍ കേവുഭാരമുള്ള നോര്‍മന്‍ അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ ചെയ്തത്.