മെല്‍ബണ്‍: ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടുവാന്‍ എല്ലാ വിധ സന്നാഹങ്ങളുമായി ഓസ്‌ട്രേലിയ ഒരുങ്ങിക്കഴിഞ്ഞു. രണ്ടു സൂപ്പര്‍ ഹോര്‍ണറ്റു വിമാനങ്ങളാണ് ഇറാക്കിലെ മുസ്ലീം തീവ്രവാദികളെ നശിപ്പിക്കുവാനായി ഓസ്‌ട്രേലിയ അയച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ബോംബ് വര്‍ഷിക്കലുമായി ഓസ്‌ട്രേലിയ രംഗത്തിറങ്ങിയിരിക്കുന്നത്. ഐഎസ് തീവ്രവാദികളെ ലക്ഷ്യമിട്ട് സൂപ്പര്‍ ഹോര്‍ണറ്റ് വിമാനങ്ങള്‍ പട്രോള്‍ നടത്തുന്നുണ്ട്. സംയുക്തമായ ആക്രമണമാണ് ഇറാക്കില്‍ ഓസ്‌ട്രേലിയന്‍ സേന നടത്തുന്നത്.
യുഎസുമായി സഹകരിച്ച് ഇറാക്കിന്റെ നിയമങ്ങളെല്ലാം പാലിച്ചാണ് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തിയത്. പ്രത്യേക തരം ക്യാമറകള്‍ എയര്‍ക്രാഫ്റ്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ശത്രുക്കളെ തിരഞ്ഞ് പിടിക്കാന്‍ സൈന്യത്തെ സഹായിക്കും.
റാഫ് ഹോര്‍ണറ്റുകള്‍ ബോംബ് വര്‍ഷിക്കുന്ന വീഡിയോ ഓസ്‌ട്രേലിയ പുറത്തു വിടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ സൈനികരുമായിപ്പോയ തുര്‍ക്കിയുടെ സൈനിക ഹെലികോപ്റ്റര്‍ കാണാതായി. ഇസ്മിത് മിലിറ്ററി എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന സിക്കറോസ്‌കി ഹെലികോപ്റ്ററാണ് തുര്‍ക്കിയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അപ്രത്യക്ഷമായത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കോനിയ എയര്‍ബെയ്‌സിലേക്ക് പറന്ന വിമാനം പറന്നുയര്‍ന്ന ഉടനെ റഡാറില്‍ നിന്ന് കാണാതാവുകയായിരുന്നു. എത്ര സൈനികര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചു.