ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണം 400 മില്യൺ കടന്നു

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ 400 മില്യൺ കടന്നു. 2015 തുടക്കത്തിൽ 300 മില്യൺ ഇൻസ്റ്റഗ്രാം ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ 100 മില്യൺ ആൾക്കാരുടെ വർധന ഫോട്ടോ ഷെയറിങ് സേവനം ഇന്‍സ്റ്റഗ്രാം നേടി.

യൂറോപ്, ഏഷ്യൻ രാജ്യങ്ങളായ ബ്രസീൽ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടെയാണ് ഏറ്റവും കൂടുതൽ വളർച്ച നേടിയിരിക്കുന്നത്. ഏകദേശം 80 മില്യൺ ചിത്രങ്ങൾ ഒരു ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നാണു കണക്ക്.

ഡേവിഡ് ബെക്കാം, കെയ്റ്റ്ലിൻ ജെന്നർ, ഫുട്ബോൾ താരം ടോണി ക്രൂസ് എന്നിവരാണു പുതിയതായി ഇൻസ്റ്റഗ്രാം അക്കൗണ്ടു തുടങ്ങിയ ചില പ്രമുഖർ. അക്കൗണ്ടു തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ വൻ ആരാധക പിന്തുണ ഇവർക്കു ലഭിച്ചിരിക്കുന്നു.

ഈ മാസം മുതൽ ഇൻസ്റ്റഗ്രാം പരസ്യങ്ങൾ അംഗീകരിക്കുവാൻ തുടങ്ങി. വീഡിയോ ആഡ് ഓപ്ഷനും ഇതിലുൾപ്പെടുന്നു. 2012 ൽ ഫെയ്സ്ബുക്ക് സ്വന്തമാക്കിയ ഫോട്ടോ ഷെയറിങ് ആപ്പ് ഇതുവരെ പരസ്യക്കാർക്കു കുറഞ്ഞ അവസരമേ നൽകുന്നുണ്ടായിരുന്നുള്ളു. നിലവിൽ 600 മില്യൺ യു എസ് ഡോളറാണു ഇൻസ്റ്റഗ്രാമിന്റെ വാർഷിക വരുമാനം.

ഇമേജ് ഷെയറിങ് സ്മാർട്ഫോൺ ആപ്ലിക്കേഷനിൽ ചില മാറ്റങ്ങൾ ഇൻസ്റ്റഗ്രാം അടുത്തിടെ വരുത്തി. അവയിൽ പ്രധാനമാണു പോർട്രയിറ്റ് ചിത്രങ്ങൾ, ലാൻഡ്സ്കെയ്പ് ചിത്രങ്ങൾ എന്നിവ നൽകുവാനുള്ള ഓപ്ഷന്‍. മുൻപു ചെറിയ സ്ക്വയർ ചിത്രങ്ങൾ മാത്രമേ പോസ്റ്റു ചെയ്യുവാനാകുകയുണ്ടായിരുന്നുള്ളു. പുതിയ മാറ്റങ്ങൾ ഇൻസ്റ്റഗ്രാമിനെ കൂടുതൽ ജനപ്രിയമാക്കുമെന്നു കരുതുന്നു.

അതേ സമയം ഇൻസ്റ്റഗ്രാമിന്റെ കുതിപ്പ് പ്രതിസന്ധിയിലാക്കുക ട്വിറ്ററിനെയാണ്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ട്വിറ്റർ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ ട്വിറ്ററിനെ ഇൻസ്റ്റഗ്രാം പിന്തള്ളിയിരുന്നു.

Top