ഇ – ഇവോട്ടിങ് സംവിധാനം: രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: ഇവോട്ടിങ് സംവിധാനത്തിനായുള്ള പ്രാഥമിക ഉന്നതതല യോഗം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 11 ദശലക്ഷം പ്രവാസികള്‍ക്കും 20 ലക്ഷം സൈനികര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. എട്ടാഴ്ചയ്ക്കുള്ളില്‍ പ്രവാസികള്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് സുപ്രീംകോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും യോഗത്തില്‍ പങ്കെടുത്തു. ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ യോഗം ചര്‍ച്ചചെയ്തു. സൈനികര്‍ക്ക് ബാലറ്റ് പേപ്പര്‍ അയച്ചുകൊടുക്കുന്നതും പരിഗണനയ്ക്കുവന്നു. തിരഞ്ഞെടുപ്പിലെ വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടാതെയായിരിക്കും പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. വോട്ട് ചെയ്തശേഷം വോട്ടുകള്‍ ഇലക്ട്രോണിക് രീതിയില്‍തന്നെ മടക്കിയയയ്ക്കുന്നത് രഹസ്യ സ്വഭാവം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് യോഗത്തില്‍ വിലയിരുത്തി.

Top