പ്രൊഫഷനല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്‍ ഇ-ലേണിങ് പോര്‍ട്ടലായ ലിന്‍ഡാ ഡോട്ട് കോമിനെ വാങ്ങി. 150 കോടി ഡോളറിനാണ് ഇടപാടു നടന്നത്. 52 ശതമാനം പണമായും 48 ശതമാനം ഓഹരിയുമായി നടന്ന വ്യാപാരം ലിങ്ക്ഡ് ഇന്നിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാണ്.
തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും ബന്ധിപ്പിക്കുന്ന ലിങ്ക്ഡ് ഇന്നിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പ്രൊഫൈലുകള്‍ മറ്റുള്ളവര്‍ക്കു കാണാനും ഷെയര്‍ ചെയ്യാനും സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലിങ്ക്ഡ് ഇന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വിഭാഗത്തില്‍ പെടുന്ന സൈറ്റാണ്.
എവിടെയിരുന്നും വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഇലേണിങ് പ്ലാറ്റ്‌ഫോം ആണ് ലിന്‍ഡാ ഡോട്ട് കോം. പുതിയ പങ്കാളിത്തത്തിലൂടെ തങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ തൊഴില്‍ശേഷി നേടാന്‍ സഹായിക്കുകയാണ് ലിങ്ക്ഡ് ഇന്‍. ആധുനിക സാങ്കേതിക വിദ്യ വരുന്നതോടെ നൈപുണ്യം കുറവുള്ളവര്‍ ജോലിയില്‍ നിന്നു പിന്തള്ളപ്പെടുന്നതൊഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
ലോകത്തെവിടെയിരുന്നും വിവിധ വിഷയങ്ങളും തൊഴിലധിഷ്ഠിത കോഴ്‌സുകളും പഠിക്കാന്‍ ലിന്‍ഡാ ഡോട്ട് കോമിലൂടെ സാധിക്കും. ഇപ്പോള്‍ ലിങ്ക്ഡ് ഇന്നില്‍ അംഗത്വമുള്ളവര്‍ക്ക് തൊഴില്‍ നേടാനുള്ള അധികയോഗ്യതകള്‍ നേടാന്‍ ലിന്‍ഡാ ഡോട്ട് കോം സൗകര്യം നല്‍കും. 3000 കോടി ഡോളര്‍ മൂല്യമുള്ള തൊഴില്‍ ദാന തുടര്‍ വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ സാന്നിധ്യമാകും ലിങ്ക്ഡ് ഇന്‍ എന്നാണ് വിലയിരുത്തല്‍.