പാരീസ് : മാധ്യമപ്രവര്‍ത്തകര്‍ അതിദാരുണമായി കൊല്ലപ്പെടുന്നതും തട്ടിക്കൊണ്ടുപോകുന്നതും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 66 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ എ എഫ് പിയുടെ സര്‍ദാര്‍ അഹമ്മദും ഉള്‍പ്പെടും. കാബൂളിലെ ഹോട്ടലില്‍വെച്ച് താലിബാന്‍ തീവ്രവാദികളാണ് അഹ്മദിനെയും ഭാര്യയെയും ഇവരുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്.
ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്‌ലോഫ് എന്നിവരെ ഇസില്‍ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീകരത വ്യക്തമാക്കുന്നുണ്ട്. അപൂര്‍വമായിട്ടാണെങ്കിലും ഇത്തരത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ പൈശാചികമായി കൊല്ലപ്പെടുന്നത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഈ വര്‍ഷം നേരിയ കുറവുണ്ട്.
കഴിഞ്ഞ വര്‍ഷം 71 പേരാണ് കൊല്ലപ്പെട്ടത്. 2005 മുതല്‍ ഇതുവരെ 720 റിപ്പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം 119 പേരെയാണ് തട്ടിക്കൊണ്ടുപോയത്. 33 പേര്‍ ഉെ്രെകനിലും 29 പേര്‍ ലിബിയയിലും 27പേര്‍ സിറിയയിലും തട്ടിക്കൊണ്ടുപോകലിനിരയായി. ഇതില്‍ 40 പേര്‍ ഇപ്പോഴും ബന്ദികളുടെ പിടിയിലാണ്. ബന്ദിയാക്കപ്പെട്ടവരില്‍ 90 ശതമാനം പേരും പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധ്യമപ്രവര്‍ത്തകരെ അവരുടെ രാജ്യത്തെ സര്‍ക്കാറുകള്‍തന്നെ ശിക്ഷിച്ചത് സംബന്ധിച്ച നിരവധി സംഭവങ്ങളും റിപ്പോര്‍ട്ടില്‍ പ്രാധാന്യത്തോടെ പ്രസ്താവിച്ചിട്ടുണ്ട്.