ഉടന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ എത്തുന്നു

എന്തും കാണിച്ച് ഫെയ്‌സ്ബുക്കില്‍ ലൈക്ക് വാങ്ങിക്കുട്ടുവാന്‍ ശ്രമിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ്. നിങ്ങളുടെ പരിശ്രമങ്ങള്‍ ഇനി ചിലപ്പോള്‍ ഡിസ്‌ലൈക്കും വാരിക്കൂട്ടിയേക്കാം. ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ക്കു ഡിസ്‌ലൈക്ക് നല്‍കുന്നതിനുള്ള ബട്ടണ്‍ ഉടന്‍ തന്നെ എത്തുമെന്ന് സുക്കര്‍ബെര്‍ഗ് അറിയിച്ചിരിക്കുന്നു.

കമ്പനിയുടെ ചോദ്യോത്തര വേളയിലെ ചോദ്യത്തിനു മറുപടിയായാണു ഡിസ്‌ലൈക്ക് ഫീച്ചര്‍ ഫെയ്‌സ്ബുക്കില്‍ ഉടനെത്തുമെന്ന് സുക്കര്‍ബെര്‍ഗ് അറിയിച്ചത്. ഇത്തരമൊരു ഫീച്ചറിനായി ധാരാളം ഉപയോക്താക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇവരുടെ ആവശ്യമനുസരിച്ച് ഈ ഫീച്ചര്‍ തയ്യാറാക്കുകയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍.

അതേ സമയം റെഡിറ്റ് ഫീച്ചറില്‍ നിന്നും വ്യത്യസ്തമായിരിക്കും തങ്ങളുടെ ഫീച്ചറെന്നു സുക്കര്‍ബെര്‍ഗ് വെളിപ്പെടുത്തുന്നു. (പോസ്റ്റിന്റെ ഉള്ളടക്കമനുസരിച്ചു റേറ്റിങ് നടത്തുന്നതാണു റെഡിറ്റ് ഫീച്ചര്‍.) മരണം, അപകടം, തോല്‍വി പോലുള്ള ദുരന്തങ്ങളില്‍ ദുഖം അറിയിക്കുകയാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.

ഉപയോക്താക്കളുടെ നിരന്തര അഭ്യര്‍ഥന അടുത്തകാലം വരെ അവഗണിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്. കാരണം നെഗറ്റീവായിട്ടുള്ള അഭിപ്രായങ്ങള്‍ പ്രോമോട്ടു ചെയ്യാന്‍ താത്പര്യമില്ലെന്ന കാരണമായിരുന്നു ഫെയ്‌സ്ബുക്ക് ഇതു വരെ ഉന്നയിച്ചിരുന്നത്.

Top