സൂറിച്ച്: ഫിഫയുടെ വൈസ് പ്രസിഡന്റ് ജെഫ്രി വെബ് അടക്കം പത്ത് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് യുവേഫ. കഴിഞ്ഞദിവസമാണ് ഫുട്ബോള്‍ കോഴ ആരോപണത്തില്‍ ഒന്‍പതോളം ഉദ്യോഗസ്ഥര്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ അറസ്റ്റിലയത്. ഫിഫ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്ററുമായി ഏറെ അടുപ്പംസൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ കോഴക്കേസില്‍ അറസ്റ്റിലായത്.
ഫിഫയിലെ ഉന്നതര്‍ കോഴവാങ്ങിയെന്ന കണ്ടെത്തല്‍ ഞെട്ടിച്ചുവെന്നും പുതിയ സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് ആറുമാസത്തേക്ക് നീട്ടിവയ്ക്കണമെന്നും യുവേഫ വക്താവ് ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി ഫിഫയുടെ വാര്‍ഷിക സമ്മേളനം ബഹിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും യുവേഫ വ്യക്തമാക്കി.
ലോകകപ്പുകള്‍ക്ക് ആതിഥേയത്വം അനുവദിച്ചതിലും രാജ്യാന്തര സൗഹൃദമല്‍സരങ്ങള്‍ സംഘടിപ്പിച്ചതിലും കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.