തിരുവനന്തപുരം: സീനിയര്‍ ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരെ കുരുക്കി വിജിലന്‍സ് കുതിയ്ക്കുമ്പോള്‍ കിതയ്ക്കുന്നത് സര്‍ക്കാര്‍. വിജിലന്‍സിന്റെ മുഖം നോക്കാതെയുള്ള നടപടിയാണ് ഇപ്പോള്‍ സര്‍ക്കാരിന് തലവേദനയാകുന്നത്.
വിന്‍സന്‍ എം പോള്‍ ഡയറക്ടറും ജേക്കബ് തോമസ്, വിജയാനന്ദ് എന്നിവര്‍ എഡിജിപിമാരുമായി സ്ഥാനമേറ്റയുടനെ തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ തന്ത്രപരമായ നീക്കങ്ങളാണ് വിജിലന്‍സ് നടത്തിയിരുന്നത്. ഒരു തരത്തിലുമുള്ള ഇടപെടലിനും വഴങ്ങേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശം ഉന്നതതല യോഗത്തില്‍ വെച്ച് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.
അഴിമതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത കര്‍ക്കശ നടപടി സ്വീകരിച്ച ചരിത്രമുള്ള ജേക്കബ് തോമസിനെ ദീര്‍ഘകാലം പോലീസിന് പുറത്ത് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി കഴിഞ്ഞകാല സര്‍ക്കാരുകള്‍ ഒതുക്കിയിരുന്നു. ഇതില്‍ നിന്ന് മോചനം ലഭിച്ച അവസരം ജേക്കബ് തോമസ് ഫലപ്രദമായി ഉപയോഗിച്ചതാണ് സംസ്ഥാനത്തെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടി.ഒ സൂരജിനെ ഇപ്പോള്‍ കുരുക്കിലാക്കിയിരിക്കുന്നത്.
ആഭ്യന്തര – പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ പോലും അറിയാതെയായിരുന്നു വിജിലന്‍സിന്റെ നീക്കം. എല്ലാ നീക്കങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി വിജിലന്‍സ് ഡയറക്ടറും രംഗത്തുണ്ടായിരുന്നു. ബിനാമി ഇടപാടുകള്‍ സംബന്ധിച്ച നിരവധി രേഖകള്‍, 23 ലക്ഷം രൂപ, അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍, റിലയന്‍സിന് ഫോര്‍ ജി കേബിള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തയ്യാറാക്കിയ രേഖകള്‍ എന്നിവയും വിജിലന്‍സിന്റെ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ ഇടപാട് കണ്ടെത്തിയതിനാല്‍ സൂരജ് മുന്‍പ് ജോലി ചെയ്ത വകുപ്പുകളിലേയും പൊതുമരാമത്ത് വകുപ്പുകളിലേയും മന്ത്രിമാരടക്കമുള്ളവരില്‍ നിന്നും വിജിലന്‍സിന് മൊഴിയെടുക്കേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചന. പ്രത്യേകിച്ച് റിലയന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ വകുപ്പ് മന്ത്രിയും സൂരജും വ്യത്യസ്ത നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മന്ത്രിയുടെ മൊഴി നിര്‍ണായകമാകും. മുഖം നോക്കാതെ നടപടികളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്നത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമോ എന്ന ഭീതിയും ഉന്നത കേന്ദ്രങ്ങള്‍ക്കുണ്ട്.
സൂരജുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കള്‍ക്കെതിരെ സംശയത്തിന്റെ കുന്തമുന നീളുന്നതില്‍ ലീഗ് നേതൃത്വവും രോഷാകുലരാണ്. സൂരജുമായി വ്യക്തിപരമായ ബന്ധമില്ലെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് തന്നെ പരസ്യമായി പ്രതികരിച്ചത് നിലവിലെ സാഹചര്യം മുന്‍നിര്‍ത്തിയാണ്. എന്തെങ്കിലും സമ്മര്‍ദത്തിന് വഴങ്ങുന്നവരല്ല ഇപ്പോഴത്തെ വിജിലന്‍സ് തലപ്പത്തുള്ള ഉദ്യോഗസ്ഥരെന്നത് ഭരണപക്ഷത്തെ ഒരു വിഭാഗത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ക്കൈകൂലിക്കേസില്‍ പ്രതിയായ എസ്പി രാഹുല്‍ ആര്‍ നായരെ സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ നടന്നിരുന്നുവെങ്കിലും വിജിലന്‍സ് ഡയറക്ടറുടെ നിലപാട്മൂലമാണ് ആ നീക്കം പാളിയത്. സൂരജിന്റെ കാര്യത്തിലും ഇതേ നടപടി സ്വീകരിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നതും പഴുതടച്ച വിജിലന്‍സിന്റെ നീക്കത്തെ തുടര്‍ന്നാണ്.
അഴിമതിക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ (FIR.No.6/2010) ഒന്നാം പ്രതി ഡിഐജി ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശയും ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറുമെന്നാണ് സൂചന. മുന്‍പുണ്ടായിരുന്ന വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഒത്തുകളിച്ചാണ് ശ്രീജിത്തിനെ ഈ കേസില്‍ രക്ഷപെടുത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ മറ്റ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡാക്കുകയും ചെയ്ത സാഹചര്യത്തില്‍ ശ്രീജിത്തിന് മാത്രമായി ഒരു നയം നടപ്പാക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് വിജിലന്‍സ് ഉന്നതര്‍.
നടപടിക്ക് വിധേയരായവരോ പൊതു പ്രവര്‍ത്തകരോ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലും വിജിലന്‍സിന്റെ പുതിയ നീക്കത്തിന്റെ പിന്നിലുണ്ട്.