തിരുവനന്തപുരം: മദ്യനയത്തില്‍ അടിതെറ്റിയ സുധീരന് പാമോലിന്‍ കേസ് വീണുകിട്ടിയ വജ്രായുധം. പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയോടെ കുടുങ്ങാന്‍ പോകുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് എല്ലാവരേക്കാളും നന്നായി അറിയുക സുധീരനാണ്. ചാണ്ടിയെ വെട്ടി മുഖ്യമന്ത്രിയാകാന്‍ തക്കംപാര്‍ക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നീക്കവും എല്ലാവരും ഉറ്റുനോക്കുകയാണ്.
മദ്യനയത്തില്‍ സുധീരന്‍ സമ്പൂര്‍ണമായും ഉമ്മന്‍ചാണ്ടിക്ക് കീഴടങ്ങിയിരിക്കുകയാണ്. പലതരം തന്ത്രങ്ങളിലൂടെയാണ് ഉമ്മന്‍ചാണ്ടി സുധീരനെ കുരുക്കിലാക്കിയത്. ഇതിന്റെ പക സുധീരനുണ്ടാകും. രമേശ് ചെന്നിത്തലയാകട്ടെ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങുമെന്ന് കണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മത്സരിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടി തല്‍ക്കാലം രക്ഷപ്പെടുകയായിരുന്നു. വിജിലന്‍സിനെ ഉപയോഗിച്ചായിരുന്നു മുഖ്യമന്ത്രി രക്ഷപ്പെടാനുള്ള കരുക്കള്‍ നീക്കിയത്. എന്നാല്‍ ആഭ്യന്തരവും വിജിലന്‍സും ഇപ്പോള്‍ ചെന്നിത്തലയുടെ കൈയിലാണ്. അതിനാല്‍ ഇവിട നിന്ന് ഇനി സഹായം പ്രതീക്ഷിക്കേണ്ട. കേസില്‍ വിചാരണ തുടങ്ങിയാല്‍ കെ.എം മാണിയുടെ നിയമ വകുപ്പും സഹായിക്കാനിടയില്ല. ബാര്‍കോഴ കേസില്‍ തന്നെ കുടുക്കിയ ഉമ്മന്‍ചാണ്ടിക്കെതിരെ കിട്ടുന്ന ഏത് ആയുധവും മാണി പ്രയോഗിക്കും.
ഉമ്മന്‍ചാണ്ടിയെ വീഴ്ത്താന്‍ സുധീരനും ചെന്നിത്തലയും മാണിയും ഒന്നിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.