തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ശക്തമായ സമരത്തിലേക്ക്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിക്കുകയും അദ്ദേഹത്തിന്റെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി അടിയന്തരമായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജനുവരി അഞ്ചിന് സെക്രട്ടറിയേറ്റിനും സംസ്ഥാനത്തെ എല്ലാ ജില്ലാഭരണ കേന്ദ്രങ്ങള്‍ക്ക് മുന്നിലും എല്‍ഡിഎഫ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തും. ഇന്ന് എകെജി സെന്ററില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗമാണ് ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
സോളാര്‍ തട്ടിപ്പ്,ബാര്‍കോഴ,സലീംരാജിന്റെ ഭൂമി തട്ടിപ്പ് തുടങ്ങിയ അഴിമതികളില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് വ്യക്തമാണ്. എന്നാല്‍ തനിക്കിതിലൊന്നും പങ്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. കെ.എം മാണി മാത്രമല്ല മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുകൂടി കോഴ നല്‍കിയതായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മാണിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി രക്ഷപെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ പ്രധാനമന്ത്രിയെ കാണും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഭരണപക്ഷ എംഎല്‍എ കെ.ബി ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.