തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സിന് നിര്‍ണായക തെളിവുകള്‍ നല്‍കാനുള്ള ബിജു രമേശിന്റെ നീക്കത്തില്‍ ആശങ്കയോടെ സര്‍ക്കാര്‍.
ദേശീയ ഗെയിംസിന്റെ വിളംബരമായി നടത്തിയ റണ്‍ കേരള റണ്ണില്‍ ഓടി സെക്രട്ടറിയേറ്റില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പിന്നില്‍ മറ്റൊരു ഓട്ടത്തിന് തിരികൊളുത്താനാണ് ബിജു രമേശിന്റെ നീക്കം. നാളെ ഉച്ചക്ക് രണ്ട് മണിക്ക് വിജിലന്‍സ് എസ്പിക്ക് തെളിവുകള്‍ കൈമാറുമെന്നാണ് ബിജു രമേശ് വ്യക്തമാക്കിയിരിക്കുന്നത്.
മന്ത്രി മാണിക്കെതിരെ കോഴ ആരോപണമുന്നയിച്ച ബാര്‍ – ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ബിജു രമേശിന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും ഒടുവിലുണ്ടായ ‘കാലുമാറ്റമാണ് ‘ ശബ്ദരേഖ പുറത്ത് വിടാന്‍ പ്രേരണയായതെന്നാണ് സൂചന.
ഇന്നലെ മാതൃഭൂമി ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജുമായി പരസ്യമായി ഏറ്റുമുട്ടിയ ബിജു രമേശ് തെളിവുകള്‍ ബാങ്ക് ലോക്കറിലാണെന്നും ചില നിര്‍ണായക വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്നും വെളിപ്പെടുത്തുകയായിരുന്നു.
തെളിവുകള്‍ നല്‍കുന്നത് ഇനിയും വൈകിപ്പിച്ചാല്‍ വിശ്വാസ്യത തന്നെ തകരുമെന്നുള്ളതിനാലാണ് ചില തെളിവുകള്‍ പുറത്തുവിടുന്നതെന്നാണ് ആദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. തെളിവുകള്‍ പുറത്തായാല്‍ ശക്തമായി പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റേയും തീരുമാനം. ഫലത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ ആശ്രയിച്ചായിരിക്കുമെന്ന അവസ്ഥയിലാണ്.
ഇടതുപക്ഷത്തേക്ക് പോകാനുള്ള കേരള കോണ്‍ഗ്രസിന്റെ നീക്കം തടയാനാണ് ബാര്‍ കോഴ വിവാദത്തെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉപയോഗപ്പെടുത്തിയതെന്ന വിമര്‍ശനം നിലനില്‍ക്കെ ബിജു രമേശിന്റെ പുതിയ നീക്കം മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
ബിജു രമേശ് തെളിവ് കൈമാറാതിരിക്കാന്‍ അണിയറയില്‍ ശക്തമായ ചരടുവലികള്‍ നടക്കുന്നതായും ആരോപണമുണ്ട്.
Thanks (Caricature) Rethish, Rupsal, Sudhi