മുംബൈ : രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചു കയറുന്നു. ഉല്‍പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.
ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില ഉയര്‍ന്നത്.
മുംബൈയിലേയും ഡല്‍ഹിയിലേയും കച്ചവടക്കാര്‍ പറയുന്നത് വിലക്കയറ്റം രണ്ടാഴ്ച കൂടി തുടരുമെന്നാണ്.
ചെറിയ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില 150 ആയിരുന്നത് 170 മുതല്‍ 180 വരെയാണ് എത്തിയിരിക്കുന്നത്. ചെറുകിട വില്‍പ്പന ഇരുന്നൂറിന് മുകളിലും എത്തി.
സാവാളയ്ക്ക് ഒരുമാസം മുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന അറുപതിന് മുകളിലും എത്തി.
മുംബൈയിലെ മലയാളി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റിലെ കണക്കുകളാണിത്.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിരുന്ന ചെറിയഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞതായും, കനത്ത മഴ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സാവാള ഉല്‍പാദനത്തിന് തിരിച്ചടിയായതായും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.
സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാള കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യലെ വിപണി പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം.
വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സംഭരണ ഏജന്‍സിയായ എം.എം.ടി.സി. കൂടാതെ കയറ്റുമതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.