തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം)വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് തിരിച്ചടിക്കാന്‍ പി.സി ജോര്‍ജിന്റെ നീക്കം.
എത്ര പ്രകോപിപ്പിച്ചിട്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം കെ.എം. മാണിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനാലാണ് പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നത്.
കുറുമാറ്റ നിരോധന നിയമമുള്ളതിനാല്‍ നിലവില്‍ കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ വിപ്പ് ലംഘിച്ചാല്‍ ജോര്‍ജിന്റെ എംഎല്‍എ സ്ഥാനം നഷ്ടമാകും.
രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20ന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവെക്കാനാണ് ജോര്‍ജ് കരുക്കള്‍ നീക്കുന്നതിന്. ഇതിനു മുന്നോടിയായി പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനവികാരം മനസ്സിലാക്കാന്‍ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്തുതുടങ്ങി.
രാജ്യസഭാ തിരഞ്ഞെടുപ്പും തുടര്‍ന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പും വരുന്നതിനാല്‍ ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ അത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. പൂഞ്ഞാറില്‍ ഇടതുമുന്നണി പിന്‍തുണച്ചാല്‍ പി.സി ജോര്‍ജിന് വീണ്ടും വിജയിക്കാന്‍ പ്രയാസമുണ്ടാകില്ല.
അതിനിടെ 17ന് മാണി ഗ്രൂപ്പ് ഉന്നതാധികാര സമിതി യോഗം നടക്കുന്നുണ്ട്. ആ യോഗത്തിലെ തീരുമാനത്തിനനുസരിച്ചുകൂടിയാകും ജോര്‍ജ് അടുത്ത നടപടിയുമായി മുന്നോട്ടുപോകുക.
കെ.എം മാണിക്കും ജോസ് കെ. മാണിയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്ന ജോര്‍ജിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മാണിയ്‌ക്കെതിരെ മത്സരിക്കാനും ആഗ്രഹമുണ്ട്.
മാണിക്കെതിരെ ശക്തമായ വികാരമുയര്‍ത്തി അവിടെ നിന്ന് ജോര്‍ജിന് വിജയിച്ചുകയറാനാകുമെന്നാണ് പ്രതീക്ഷ. പൂഞ്ഞാറിലുണ്ടായിരുന്ന ആറ് പഞ്ചായത്തുകള്‍ ഇപ്പോള്‍ പാലായിലാണ്.
കഴിഞ്ഞ തവണ മാണി 5,500 വോട്ടുകള്‍ക്കാണ് എന്‍സിപിയിലെ മാണി സി കാപ്പനെ തോല്‍പ്പിച്ചത്. ജോര്‍ജ് എതിരാളിയാവുകയും ഇടതുപക്ഷം പിന്‍തുണക്കുകയും ചെയ്താല്‍ പാലായില്‍ മാണി വിയര്‍ക്കും.