തിരുവനന്തപുരം: നിയമസഭയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ഏകപക്ഷീയമായി നടപടി എടുത്തതില്പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സമാധാനപരമായി നടത്തണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആഹ്വാനം ചെയ്തു. അഴിമതിക്കേസില്‍ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടാണ് എല്‍ ഡി എഫ്. എം എല്‍ എമാര്‍ നിയമസഭക്കകത്ത് പ്രതിഷേധം ഉയര്‍ത്തിയത്. ഇക്കാര്യം നേരത്തെ തന്നെ ഗവര്‍ണര്‍ ഉള്‍പ്പെടെ ഉള്ളവരെ അറിയിക്കുകയും ചെയ്തതാണ്.
എന്നാല്‍ പ്രതിഷേധത്തെ വകവെക്കാതെ വാച്ച് ആന്‍ഡ് വാര്‍ഡും ഭരണകക്ഷി എം എല്‍ എമാരും എല്‍ ഡി എഫ്. എം എല്‍ എമാരെ നേരിടുന്ന നിലയാണുണ്ടായത്. വനിതാ അംഗങ്ങളെ ഭരണകക്ഷിയിലെ പുരുഷ എം എല്‍ എമാര്‍ ആക്രമിക്കുകയും ലൈംഗിക ചുവയോടുകൂടി അപമര്യാദയായി പെരുമാറുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെല്ലാം നേതൃത്വം കൊടുത്ത ഭരണകക്ഷി എം എല്‍ എമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. നിയമസഭാ ചട്ടങ്ങളെ മറികടന്ന് മുന്‍ സ്പീക്കറുടെ മരണത്തില്‍ ദുഃഖാചരണം നിലനില്‍ക്കവെ ലഡു വിതരണം ചെയ്യുകയുമുണ്ടായി. ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാതെ പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് നേരെ നടപടി സ്വീകരിച്ചത് അംഗീകരിക്കാനാകില്ലെന്നും വൈക്കം വിശ്വന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.