ഹൈക്കോടതിയില്‍ കീഴടങ്ങിയ ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി

കൊച്ചി: ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ചതിന് സുപ്രീംകോടതി നാല് ആഴ്ച്ചത്തെ തടവിന് ശിക്ഷിച്ച എം.വി ജയരാജന്‍ ഹൈക്കോടതിയില്‍ കീഴടങ്ങി. പൊലീസിന് കൈമാറിയ ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

ഇന്നു രാവിലെ 11:45 നാണ് ജയരാജന്‍ ഹൈക്കോടതിയിലെത്തി രജിസ്ട്രാര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്.

ഞായറാഴ്ച രാത്രി കണ്ണൂരില്‍ നിന്നു മലബാര്‍ എക്‌സ്പ്രസിലാണ് അദ്ദേഹം എറണാകുളത്തെത്തിയത്. തിങ്കളാഴ്ച രാവിലെ ജയരാജന്‍ എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, കെടിയുസി(എം), കെഎല്‍വിഎസ്‌യു എന്നീ ട്രേഡ് യൂണിയനുകളടങ്ങിയ കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ മാര്‍ച്ചില്‍ പങ്കെടുത്തു.

ശിക്ഷ വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ശനിയാഴ്ച ഹൈക്കോടതിയില്‍ ലഭിച്ച സാഹചര്യത്തിലാണ് ജയരാജന്‍ ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ കീഴടങ്ങിയത്. തന്നെക്കാള്‍ വിലയ കോടതിയലഷ്യക്കാര്‍ പുറത്തുണ്‌ടെന്നും തടവുകാലം തനിക്ക് പഠനകാലമായിരിക്കുമെന്നും കീഴടങ്ങുന്നതിനുമുമ്പ് ജയരാജന്‍ മാധയമങ്ങളോട് പറഞ്ഞു. നിരവധി സിപിഎം പ്രവര്‍ത്തകരാണ് ജയരാജന് അഭിവാദ്യമര്‍പ്പിച്ച് ഹൈക്കോടതി വളപ്പില്‍ തടിച്ചു കൂടിയത്.

2010 ജൂണ്‍ 26ന് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയെ പരാമര്‍ശിച്ച് ശുംഭന്‍ പ്രയോഗം നടത്തിയത്. 2011 നവംബറിലായിരുന്നു ഹൈക്കോടതി ജയരാജനെ ശിക്ഷിച്ചത്. ആറ് മാസം തടവും 2000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ജയരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ശിക്ഷ നാലാഴ്ചയായി കുറച്ചത്.

Top