കണ്ണൂര്‍: അന്തരിച്ച സിഎംപി ജനറല്‍ സെക്രട്ടറി എം.വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ്‌കുമാര്‍ രാഷ്ട്രീയത്തില്‍ സജീവമായാല്‍ പൂര്‍ണപിന്തുണ നല്‍കാന്‍ സിപിഎം തീരുമാനം.
നിലവില്‍ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സിഎംപി അരവിന്ദാക്ഷന്‍ പക്ഷത്തിന്റെ തലപ്പത്തേക്ക് നികേഷ് വരുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജയ സാധ്യതയുള്ള സീറ്റ് നല്‍കി വിജയിപ്പിക്കാനും അധികാരം ലഭിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനം വരെ നല്‍കാനും സിപിഎം നേതൃത്വം തയ്യാറാകുമെന്നാണ് ലഭിക്കുന്ന സൂചന.
ദൃശ്യ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായ നികേഷ്‌കുമാറിന്റെ ഗ്ലാമര്‍ പരിവേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്ന ആത്മവിശ്വാസം സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കിടയിലും ശക്തമാണ്.
സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ തന്ത്രപരമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏല്‍ക്കേണ്ടിവരുമെന്ന ഭീതിയും ഇടത് നേതാക്കള്‍ക്കുണ്ട്. ഇപ്പോഴത്തെ മുന്നണി സംവിധാനമുപയോഗിച്ച് തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ അത് യുഡിഎഫിനാണ് കൂടുതല്‍ ഗുണം ചെയ്യുക എന്ന കാഴ്ചപ്പാടും സിപിഎം നേതൃത്വത്തിനുണ്ട്.
യുഡിഎഫില്‍ നിന്ന് ഇടത് പാളയത്തിലേക്ക് വരാനൊരുങ്ങിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി അഴിമതി ആരോപണത്തില്‍പെട്ട് കുരുങ്ങിയതാണ് ഇടത് പക്ഷത്തിന് അപ്രതീക്ഷിത പ്രഹരമായത്.
മുസ്ലീംലീഗ് ആകട്ടെ തങ്ങള്‍ യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന നിലപാടിലുമാണ്. ഈ രണ്ട് ഘടകകക്ഷികളെ ഇനി മുന്നണിയുടെ ഭാഗമാക്കാന്‍ ശ്രമിച്ചാല്‍ ഇടത് പക്ഷത്ത് വലിയ പൊട്ടിത്തെറിയും ഉറപ്പാണ്. ഇക്കാര്യത്തില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുന്ന സിപിഐയെ അല്ല മറിച്ച് വൈകാരികമായി പ്രതികരിക്കാന്‍ മടിക്കാത്ത സിപിഎം അണികളേയും അനുഭാവികളേയുമാണ് സിപിഎം നേതൃത്വം ഭയപ്പെടുന്നത്.
കോണ്‍ഗ്രസ് ഗ്രൂപ്പകളില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുകയാണെങ്കിലും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവുകയാണെങ്കില്‍ സംസ്ഥാന രാഷ്ട്രീയ ചരിത്രം തന്നെ മാറി വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയനാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജയം സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നം മാത്രമല്ല നിലനില്‍പ്പിന് തന്നെ അനിവാര്യവുമാണ്.
ഒരു സര്‍ക്കാരിനും ഭരണതുടര്‍ച്ച നല്‍കാത്ത കേരളത്തിന്റെ ചരിത്രം ആവര്‍ത്തിക്കണമെന്നും അതുകൊണ്ടുതന്നെ ഏറെ ആഗ്രഹിക്കുന്നതും സിപിഎം നേതൃത്വമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങള്‍ പാളുന്നതും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ നിര്‍ജീവമായതുമാണ് ഇടത് പക്ഷത്തിനെ ആശങ്കപ്പെടുത്തുന്നത്.
ഈ ഒരു സാഹചര്യംകൂടി മുന്‍നിര്‍ത്തിയാണ് പൊതു സ്വീകാര്യരായ ഗ്ലാമര്‍ താരങ്ങളെ സിപിഎം നോട്ടമിടുന്നത്. നികേഷ്
കുമാറിനു പുറമെ സിനിമാ – സാംസ്‌കാരിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന ചിലരേയും സിപിഎം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് .
ചെറുപ്പക്കാരുടെ ഒരു പടതന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അങ്കക്കളരിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാകുമെന്ന് ഉന്നത സിപിഎം നേതാവ് എക്‌സ്പ്രസ്സ് കേരളയോട് വ്യക്തമാക്കി.