തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തായ കേസില്‍ അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന സമരം ഭാഗികം. സംഘടനയില്‍ പെട്ട പല തിയറ്ററുകളിലും ബഹുഭാഷ ചിത്രമായ ബാഹുബലി പ്രദര്‍ശിപ്പിച്ചു.
‘പ്രേമം’ വിഷയത്തിലല്ല തിയറ്റര്‍ ഉടമകളുടെ സമരമെന്നും വൈഡ് റിലീസിംഗിന് എതിരെയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
എന്നാല്‍ വൈഡ് റിലീസിംഗിന് എതിരെയല്ല തിയറ്റര്‍ ഉടമകളുടെ സമരമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നു. പ്രേമം ചോര്‍ന്നതിന് പിന്നിലുള്ളവരെ കണ്ടുംപിടിക്കും വരെ സമരം തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
സംഘടനയില്‍ ഉള്‍പ്പെട്ട 20 അധികം തിയറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഈ തിയറ്റര്‍ക്കെതിരെ നാളത്തെ യോഗത്തില്‍ നടപടിയെടുക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ തിയറ്ററുകള്‍ ഉള്‍പ്പെടെ 60 തിയറ്ററുകളിലാണ് ബഹുഭാഷ ചിത്രമായ ബാഹുബലി റിലീസ് ചെയ്തത്. വൈകുന്നേരത്തോടെ 100 തിയറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.