എഞ്ചിനീയറിംഗ് പ്രവേശനത്തിന് മിനിമം മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് പൊതു പ്രവേശന പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ 10 മാര്‍ക്ക് വേണമെന്ന നിബന്ധന പുന:സ്ഥാപിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. രണ്ടു ചോദ്യത്തിനെങ്കിലും ഉത്തരമെഴുതിയവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.

മിനിമം പത്ത് മാര്‍ക്കെങ്കിലുമില്ലാത്തവരെ എന്‍ട്രന്‍സ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന നിലവിലെ വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന് പുറമെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്ക് വേണമെന്നത് 45 ആക്കി കുറച്ചു. കണക്കും ഫിസിക്‌സും കെമിസ്ട്രിയും ചേര്‍ന്നുള്ള 50 ശതമാനം മാര്‍ക്കും 45 ശതമാനമാക്കി. ഇതോടെ ഒരുത്തരമെങ്കിലും ശരിയായാല്‍ പ്രവേശനം ലഭിക്കുമെന്ന സ്ഥിതി ഉണ്ടായിരുന്നു. സ്വാശ്രയ കോളേജുകളിലെ സീറ്റ് നിറയ്ക്കാനാണ് യോഗ്യതാ മാര്‍ക്കില്‍ ഇളവ് നല്‍കിയും പ്രവേശനപരീക്ഷയില്‍ വെള്ളം ചേര്‍ത്തതുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

Top