വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അടുത്ത ഏപ്രില്‍ ഒന്നിന് ഫലസ്തീന് അംഗമാകുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റിലാണ് ബാന്‍ കി മൂണിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇതില്‍ അംഗമാകുന്നതോടെ ഇസ്റാഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ ഫലസ്തീനിന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ സാധിക്കും.
2015 ഏപ്രില്‍ ഒന്നിന് ഫലസ്തീന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുമെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തങ്ങളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന് പ്രസിഡന്റ് രേഖ സമര്‍പ്പിച്ചിരുന്നത്. ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം ആവശ്യപ്പെട്ടുകൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് യു എന്നില്‍ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. അമേരിക്കയും ആസ്ത്രേലിയയും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ചില രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുന്നതിന് വേണ്ടി മഹ്മൂദ് അബ്ബാസ് ഗതിവേഗം കൂട്ടിയത്.