ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയും പ്രചോദനവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ ആര്‍മി പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു യൗവന രാഷ്ട്രമാണെന്നതില്‍ അഭിമാനിക്കാം. നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചെറുപ്പമുണ്ട്. ഒരു പരേഡില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ കാലുകള്‍മാത്രമല്ല കണ്ടുമുട്ടുന്നത്. നമ്മുടെ മനസുകൂടിയാണെന്നും മോഡി പറഞ്ഞു. എന്‍സിസി കേഡറ്റുകളോട് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
ചെറുപ്പത്തില്‍ താനും എന്‍സിസി കേഡറ്റായിരുന്നുവെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരിക്കറും വിദേശകാര്യമന്ത്രി സുഷമ സ്വരാജും എന്‍സിസി കേഡറ്റായി സേവനം ചെയ്തിട്ടുണ്ടെന്നും മോഡി പറഞ്ഞു. താന്‍ എന്‍സിസി കേഡറ്റായിരുന്നുവെങ്കിലും ഒരിക്കലും ഡല്‍ഹിയില്‍ വരാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ അവസരം കിട്ടുന്ന എന്‍സിസി കേഡറ്റുകള്‍ പെട്ടന്ന് സ്‌കൂളിലെ ഹീറോ ആയി മാറിയിരുന്നതായും മോഡി ഓര്‍മിച്ചു.
എന്‍സിസി കേഡറ്റിന് ഇന്ത്യയെ നന്നായി മനസിലാക്കാന്‍ സാധിക്കും. സ്വാമി വിവേകാനന്ദനും മഹാത്മാ ഗാന്ധിയും രാജ്യംമുഴുവന്‍ ചുറ്റിക്കറങ്ങിയതിനാല്‍ അവര്‍ക്ക് ഇന്ത്യയെ കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചിരുന്നു.
ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ തീം ‘സ്ത്രീ ശക്തി’ ആയിരുന്നുവെന്ന് ഓര്‍മിപ്പിച്ച മോഡി പെണ്‍കുട്ടികളോട് എന്‍സിസി കേഡറ്റില്‍ അംഗങ്ങളാകണമെന്നും ആവശ്യപ്പെട്ടു.