കോഴിക്കോട്: നാദാപുരം പാറക്കടവിലെ സ്വകാര്യ സ്‌കൂളില്‍ നാലര വയസുകാരിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതായി പരാതി. പത്താംക്ലാസുകാരായ നാല് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതായാണ് പരാതി. പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും സ്‌കൂള്‍ ഉപരോധിച്ചു.പിന്നീട് സ്‌കൂള്‍ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി പിന്‍വലിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു മുസ്ലീം മാനേജമെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയെയാണ് മുതിര്‍ന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 30-നാണ് സംഭവം. സ്‌കൂളിലെ ടോയ്‌ലറ്റില്‍ പോവുകയായിരുന്ന കുട്ടിയെ സ്‌കൂളിനോട് ചേര്‍ന്ന ഹോസ്റ്റലിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപിടിച്ചാണ് പീഡിപ്പിച്ചതെന്നാണ് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.
വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും രക്ഷിതാക്കളും സ്‌കൂള്‍ ഉപരോധിച്ചു. തന്നെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനാകുമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പ്രതികളെ തിരിച്ചറിയുന്നതിനായി നാദാപുരം സിഐ എ.എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പോലീസ് അറിയിച്ചു.