മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ഇന്ന് എല്ലാക്കാലവും കാല്‍പ്പന്ത് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടം. സീസണിലെ ആദ്യ റയല്‍ ബാഴ്സ പോരാട്ടത്തിന് വേദിയാകുന്നത് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവാണ്. ലോകകപ്പ് ഫുട്ബോളിലെ വിലക്കിന് ശേഷം ലൂയിസ് സുവാരസ് ബാഴ്സയ്ക്കുവേണ്ടി ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.
ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കമുള്ള പ്രമുഖ താരങ്ങള്‍ ഇരുവശത്തുമായി അണി നിരക്കുമ്പോള്‍ തീപാറും മത്സരത്തിനായിരിക്കും സാന്റിയാഗോ ബെര്‍ണബൂ സാക്ഷിയാകുക. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് മറികടക്കാന്‍ ബാഴ്സയുടെ അര്‍ജന്റീന സ്ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് ഇനി രണ്ട് ഗോള്‍ കൂടി മതി. ഒരു ഗോള്‍ നേടിയാല്‍ മെസ്സി, ടെല്‍മോ സാറയുടെ 251 ഗോളുകളെന്ന റെക്കോര്‍ഡിനൊപ്പമെത്തും.
മെസ്സിക്കൊപ്പം നെയ്മറും നാല് മാസത്തെ വിലക്കിന് ശേഷം കളിക്കാനിറങ്ങുന്ന സുവാരസും കൂടിയാകുമ്പോള്‍ ബാഴ്സ നിര സുസജ്ജമാകും.
ബാഴ്സ പരിശീലകന് ലൂയിസ് ഹെന്റികിനെ സംബന്ധിച്ചിടത്തോളം ഇന്നത്തേത് അഭിമാന പോരാട്ടമാണ്. റയലിനും ബാഴ്സയ്ക്കും വേണ്ടി കളിച്ചിട്ടുള്ള ചരിത്രമുള്ള ഹെന്റിക് പരിശീലകനായ ശേഷമുള്ള ആദ്യ എല്‍ക്ലാസികോ ആണിത്. അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയം റയലിനൊപ്പം നിന്നു.
സ്കോറിംഗ് മെഷീന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് റയലിന്റെ തുറുപ്പ് ചീട്ട്. ഈ സീസണില്‍ ലാലിഗയില്‍ ഇതിനകം റോണോ 15 ഗോളുകള്‍ നേടിക്കഴിഞ്ഞു. ജെയിംസ് റോഡ്രിഗസും മികച്ച ഫോമിലാണ്. ഗോളുകള്‍ നേടുന്നതിനൊപ്പം ഗോളിന് വഴിയൊരുക്കുന്നതിലും ഈ കൊളംബിയന്‍ താരം മുന്നില്‍ നില്ക്കുന്നു. കരിം ബെന്‍സേമയുടെ ഗോളടി മികവും റയലിന് മുതല്‍ക്കൂട്ടാകും. എല്‍ക്ലാസികോ പോരാട്ടത്തിനിറങ്ങുന്ന റയലിന് പക്ഷേ വെയ്ല് താരം ഗ്യാരത് ബെയ്ലിന്റെ അഭാവം തിരിച്ചടിയാകും. പരുക്ക് കാരണമാണ് ബെയ്ലിന് പുറത്തിറക്കേണ്ടി വരുന്നത്.
ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാനും റയലിന് ഇന്ന് ജയം അനിവാര്യമാണ്. ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ബാഴ്സലോണ 22 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. മൂന്നാമതുള്ള റയലിന് 18 പോയിന്റാണുള്ളത്.