യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീ സുരക്ഷ,വൈദ്യുതി, കുടിവെള്ളം, അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്, സൗജന്യ വൈഫൈ എന്നിങ്ങനെ 70 ഇന പദ്ധതികളാണ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘വിശുദ്ധ ഗ്രന്ഥ’മെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടിയുടെ പ്രകടന പത്രികയെ വിശേഷിപ്പിച്ചത്.
തങ്ങള്‍ പറയുന്നത് ചെയ്യുമെന്നും ചടങ്ങില്‍ കെജ്‌രിവാള്‍ ഉറപ്പുനല്‍കി. നാല് മാസത്തെ പ്രയത്‌നമാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക. ഡല്‍ഹി എങ്ങനെയായിരിക്കണമെന്ന തങ്ങളുടെ കാഴ്ചപ്പാടാണ് പത്രിക. എല്ലാ വിഭാഗം ആളുകളുടെ വികസനത്തിനും പത്രികയില്‍ പ്രാധാന്യം നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നു. പരിസ്ഥിതി, സ്ത്രീസുരക്ഷ, ഓട്ടോവാലകള്‍, ട്രാഫിക്, സമ്പത്ത്‌വ്യവസ്ഥ തുടങ്ങിയ എല്ലാ മേഖലകളിലൂം പാര്‍ട്ടിയുടെ കാഴ്ചപ്പാട് പ്രകടനപത്രികയിലുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കും, അധികാരം ജനങ്ങളിലെത്തിക്കുന്ന സ്വരാജ് ആക്ടിന് നിയമപ്രാബല്യം നല്‍കും, ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുന്നതിന് ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കും, വൈദ്യൂതി നിരക്ക് പകുതിയായി കുറയ്ക്കുമെന്ന വാക്ക് പാലിക്കും, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പവര്‍ സ്‌റ്റേഷനുകള്‍ തുടങ്ങും, വൈദ്യൂതി വിതരണക്കാരെ നിശ്ചയിക്കുന്നത് ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കും. സൗരോര്‍ജ പദ്ധതികള്‍കള്‍ പോലെ ബദല്‍ സംവിധാനം കൊണ്ടുവരും, കുടിവെള്ളം അവകാശമാക്കും, ന്യായവിലയ്ക്ക് എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ കുടിവെള്ളം തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവും കെജ്‌രിവാള്‍ നടത്തി.