എസ്എന്‍ഡിപി യോഗത്തിലെത്തും മുന്‍പ്‌ വെള്ളാപ്പള്ളി നടേശന്‍ കോടീശ്വരന്‍ അല്ല !

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിലേക്കു വരുമ്പോള്‍ കോടീശ്വരനായിരുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ വാദം തെറ്റ്.

വെള്ളാപ്പള്ളി 1990 മുതല്‍ 1999 വരെ ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം വാര്‍ഷിക വരുമാനം പത്തുലക്ഷം കവിഞ്ഞത് 94-95 വര്‍ഷങ്ങളില്‍ മാത്രമാണ്.

മുന്‍ വര്‍ഷങ്ങളിലെ വരുമാനവും 16.12.1999ല്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണ്‍ ഫോം നമ്പര്‍ 28 ല്‍ വ്യക്തമാണ്.

1990 മുതല്‍ 1999 വരെ മൊത്ത വരുമാനം 40,09,880 (നാല്‍പതു ലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത് രൂപ) രൂപയാണ് റിട്ടേണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം പുറത്തുവിട്ട ഈ രേഖകള്‍ മുന്‍നിര്‍ത്തി വെള്ളാപ്പള്ളിയെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം.

വെള്ളാപ്പള്ളിയുടെ കോപത്തിനിരയായും മറ്റ് പുറത്തു പോകേണ്ടി വന്ന മുന്‍ എസ്എന്‍ഡിപി യോഗ ഭാരവാഹികളെയും എസ്.എന്‍ ട്രസ്റ്റ് അംഗങ്ങളെയും രംഗത്തിറക്കി വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കാന്‍ ‘മാസ്റ്റര്‍ പ്ലാന്‍’ തന്നെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മൂന്നാം ബദലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിക്കപ്പെട്ട വെള്ളാപ്പള്ളിയെ തുറന്നുകാട്ടുന്നതിലൂടെ ബിജെപി സഖ്യത്തെ പൊളിച്ചടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

വി.എസും പിണറായിയും ഒത്തൊരുമിച്ചുനിന്ന് പാര്‍ട്ടിക്ക് എതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് നേതൃതലത്തിലെ ധാരണ.

ശ്രീനാരായണീയ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി സാമ്പത്തിക താല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതെന്ന വാദത്തിന് ആദായ നികുതി വകുപ്പിന്റേത് ഉള്‍പ്പെടെയുള്ള രേഖകള്‍ ബലം നല്‍കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അഴിമതിക്കെതിരെ പൊതുസമൂഹത്തിനിടയിലുള്ള പ്രതിഷേധം വഴി വെള്ളാപ്പള്ളിയുടെ ജാതി ആയുധത്തെ പ്രതിരോധിക്കലാണ് തന്ത്രം.

വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പരമാവധി ശേഖരിച്ച് വയ്ക്കാനും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവ പുറത്തുവിടാനുമാണ് ആലോചന.

ഇത്തരമൊരു നീക്കത്തിലൂടെ കള്ളപ്പണ സംരക്ഷണത്തിനായാണ് മോഡിയുമായി വെള്ളാപ്പള്ളി കൂട്ടു കൂടിയിരിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

ആദായനികുതി വകുപ്പില്‍ നിന്നുള്ള ഈ രേഖകള്‍ മുന്‍നിര്‍ത്തി എസ്എന്‍ഡിപി യോഗം മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ. രാജന്‍ നേരത്തെ പരസ്യമായി രംഗത്തുവന്നിരുന്നു.

എസ്എന്‍ഡിപി യോഗത്തില്‍ വന്നതിനുശേഷം വെള്ളാപ്പള്ളി നടേശനും കുടുംബവും സ്വദേശത്തും വിദേശത്തുമുണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ ഉറവിടം വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായതിന് ശേഷം അദ്ദേഹവും കുടുംബവും വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് ചൂണ്ടിക്കാണിച്ച് ‘അവകാശ പ്രഖ്യാപന കരട് രേഖയ്‌ക്കൊരാമുഖം’ എന്ന പേരില്‍ ഒരു ലഘുലേഖതന്നെ ടി കെ രാജന്‍ അടിച്ചിറക്കിയിരുന്നു.

Top