എസ്എഫ്‌ഐക്ക് വെല്ലുവിളിയുമായി വരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ വരുന്നു. ഡല്‍ഹിയിലെ തകര്‍പ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി വിദ്യാര്‍ത്ഥി – യുവജന വിഭാഗങ്ങള്‍ക്കും തൊഴിലാളി സംഘടനയ്ക്കും രൂപം കൊടുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

മുന്‍പ് ഇത്തരത്തിലുള്ള നീക്കം ആം ആദ്മി പാര്‍ട്ടി നടത്തിയെങ്കിലും കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല. പുതിയ സാഹചര്യത്തില്‍ യുവജന -വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതാണ് ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നത്.
ഡല്‍ഹിയിലെ വിജയത്തിന് വിദ്യാര്‍ത്ഥി യുവജന സമൂഹത്തിന്റെ വലിയ പിന്‍തുണ കെജ്‌രിവാളിനും സംഘത്തിനും തുണയായിരുന്നു.

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തിദുര്‍ഗ്ഗമായ ജെഎന്‍യു ക്യാമ്പസിലും എബിവിപിയുടെ ശക്തികേന്ദ്രങ്ങളായ ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ കോളേജുകളിലും ഇപ്പോള്‍ തന്നെ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ തരംഗമാണുള്ളത്. ഇതിന് വ്യക്തമായ സംഘടനാ രൂപം നല്‍കി രാഷ്ട്രീയ പാര്‍ട്ടികളുടെ ‘നിഴല്‍’എന്ന രൂപത്തില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനകളെ മാറ്റി സ്വതന്ത്ര ചിന്താഗതിയുള്ള സംഘടന എന്ന രൂപത്തിലേക്ക് വിദ്യാര്‍ത്ഥി വിഭാഗത്തെ മാറ്റുന്ന തരത്തില്‍ സംഘടനാ പരിപാടിക്ക് രൂപം കൊടുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ നീക്കം. ഇതിനായി പാര്‍ട്ടി ബുദ്ധികേന്ദ്രങ്ങള്‍ ഉടന്‍ മാര്‍ഗ്ഗരേഖയുണ്ടാക്കും. ഇതിന് സമാനമായിരിക്കും യുവജന തൊഴിലാളി വിഭാഗത്തിന്റെയും സംഘടനാ രൂപീകരണം.

മുന്‍ കാലഘട്ടങ്ങളില്‍ കേഡര്‍ സംഘടനകളായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എബിവിപി തുടങ്ങിയ സംഘടനകള്‍ക്ക് സ്വതന്ത്ര പരിവേഷമുണ്ടായിരുന്നെങ്കിലും പിന്നീട് ഈ സംഘടനകള്‍ മാതൃപാര്‍ട്ടികളുടെ രാഷ്ട്രീയത്തിന്റെ വക്താക്കളായി പ്രത്യക്ഷത്തില്‍ മാറുകയായിരുന്നു. സിപിഎമ്മിന് സ്വാധീനമില്ലാത്ത പല സംസ്ഥാനങ്ങളിലും ശക്തമായ അടിത്തറയുള്ള എസ്എഫ്‌ഐക്ക് ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം രംഗത്ത് വരുന്നത് കനത്ത തിരിച്ചടിയാകും.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലെ മൃഗീയ മേധാവിത്വം പോലും പുതിയ ‘ശക്തി’രംഗത്ത് വരുന്നതോടെ എസ്എഫ്‌ഐക്ക് നഷ്ടപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് അധികാരികളെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിച്ച പഴയ ചരിത്രം ഇന്ന് എസ്എഫ്‌ഐക്ക് ഓര്‍മ്മകള്‍ മാത്രമാണ്.

സിപിഎം വിഭാഗീയത വര്‍ഗ്ഗ ബഹുജന സംഘടനകളിലേക്ക് പടര്‍ന്നത് വഴി നടപ്പാക്കിയ വെട്ടി നിരത്തലാണ് എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും കേരളത്തില്‍ ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. വാക്കും പ്രവര്‍ത്തിയും രണ്ടാക്കുന്നതും പരിചയ സമ്പന്നരായ നേതൃത്വമില്ലാത്തതും സംഘടന നേരിടുന്ന വന്‍ വെല്ലുവിളിയാണ്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തിന് മുന്നില്‍ ചിതറിപ്പോയ ബംഗാളിലെ എസ്എഫ്‌ഐയും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളാണ് ഇപ്പോള്‍ നേരിടുന്നത്. ചുവപ്പ് സ്വപ്നം മനസിലേറുന്ന യുവതലമുറക്ക് സ്വീകാര്യമായ നിലപാടുകളാണ് ആം ആദ്മി രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത് എന്നത് ഈ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥി – യുവജന സമൂഹത്തെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്ന നിഗമനത്തിലാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും വാലായി പ്രവര്‍ത്തിക്കുന്ന എബിവിപിയും കോണ്‍ഗ്രസിന്റെ ക്യാമ്പസ് മുഖമായ എന്‍എസ്‌യുവും ക്യാമ്പസുകളെ കക്ഷി രാഷ്ട്രീയ വല്‍ക്കരിക്കുന്ന സാഹചര്യത്തെ അവജ്ഞതയോടുകൂടി കാണുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ സ്വതന്ത്രമായ കാഴ്ചപ്പാടോടുകൂടി രംഗത്തിറങ്ങാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനും പ്രതികരിക്കാനും മാത്രമല്ല സൗഹൃദത്തിന്റെ പുതിയ തലം സൃഷ്ടിക്കാനും പുതിയ വിദ്യാര്‍ത്ഥി സംഘടന വഴി ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. വിദ്യാര്‍ത്ഥി – യുവജന മുന്നേറ്റത്തില്‍ കൂടിയെ രാജ്യത്ത് സംഘടനാപരമായ വളര്‍ച്ച നേടാനാകു എന്ന് തിരിച്ചറിഞ്ഞാണ് അരവിന്ദ് കെജ്‌രിവാളിന്റെയും സംഘത്തിന്റെയും ഈ പുതിയ നീക്കം.

ഫെയ്‌സ് ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും ‘അടിമകളായ’ന്യൂജനറേഷനെ അത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെ സംഘടനവല്‍ക്കരിക്കാനാണ് നീക്കം.

Top