എസ്എഫ്‌ഐ സംസ്ഥാന നേതാക്കളെയാകെ വെട്ടിനിരത്താന്‍ സിപിഎം നേതൃതീരുമാനം

തിരുവനന്തപുരം: കേരളത്തിലെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഇനി ‘ചരമഗീതം’ പാടാം.

പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ പ്രായം മാനദണ്ഡമാക്കി ഉശിരന്മാരായ നേതൃത്വത്തെ വിഭാഗീയ താല്‍പര്യത്താല്‍ വെട്ടി നിരത്തിയ സിപിഎം നേതൃത്വം തൃശൂരില്‍ 18-ന് ആരംഭിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലും കൂട്ട വെട്ടിനിരത്തലിന് അനുമതി നല്‍കി.

എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും 38 കാരനുമായ എ ശിവദാസന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം അടിയന്തരമായി തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

വിപ്ലവം നഷ്ടപ്പെട്ട വിപ്ലവ വിദ്യാര്‍ത്ഥി സംഘടനക്ക് കഴിഞ്ഞ കാലങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലടക്കം നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍, 25 വയസ് പ്രായം എടുത്തു കളയണമെന്ന ആവശ്യം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയിലും സിപിഎമ്മിലെ മുന്‍കാല എസ്എഫ്‌ഐ നേതാക്കള്‍ക്കിടയിലും ശക്തമായിരിക്കെയാണ് സിപിഎം ‘ ചരിത്രപരമായ വിഡ്ഡിത്തരം’ വീണ്ടും ആവര്‍ത്തിച്ചത്.

ഈ തീരുമാനം നടപ്പാക്കുന്നതോടെ നിലവില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായ ഷിജുഖാന്‍, സെക്രട്ടറി ടി.പി ബിനീഷ് തുടങ്ങി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിലെ 16 നേതാക്കളാണ് തൃശൂര്‍ സമ്മേളത്തില്‍ കൂട്ടത്തോടെ പുറത്താകുന്നത്.

സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരിലെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അടക്കമുള്ള അനവധി സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംഘടനക്കകത്ത് നിന്ന് പുറത്താകും. ഇവരെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ പ്രതഷ്ടിക്കാനാണ് സിപിഎം നീക്കം.

കഴിഞ്ഞ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന തിരുവനന്തപുരം സ്വദേശി അന്ന് എസ്എഫ്‌ഐയുടെ പാര്‍ട്ടി ചുമതലക്കാരനായ നേതാവുമായി ചേര്‍ന്ന് നടത്തിയ ‘ഗൂഢാലോചനയാണ്’ 25 വയസ് പ്രായ നിയന്ത്രണം കൊണ്ടുവരാനിടയാക്കിയിരുന്നത്.

വി.എസ് അനുകൂല വിദ്യാര്‍ത്ഥി നേതാക്കളെ ഒഴിവാക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി ചുമതലക്കാരനായ നേതാവ് പ്രായപരിധിക്ക് അനുമതി നല്‍കിയതെങ്കിലും എസ്എഫ്‌ഐ സംസ്ഥാന നേതാവ് വ്യക്തി താല്‍പര്യം മുന്‍നിര്‍ത്തി ഈ അവസരം ദുരുപയോഗം ചെയ്യുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ഈ സംസ്ഥാന നേതാവിന്റെ തിരുവനന്തപുരത്തെ പാര്‍ട്ടിയിലെ എതിരാളിയായ വിദ്യാര്‍ത്ഥി നേതാവിന്റെ ‘സാധ്യത’ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തെ സ്വാധീനിച്ച് പ്രായ നിയന്ത്രണം കൊണ്ടുവന്നതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയായാല്‍ സിപിഎം സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗമാകുമെന്നും നിയമസഭാ സീറ്റ് ലഭിക്കുമെന്നും കണ്ടായിരുന്നു ഈ വെട്ടി നിരത്തല്‍.

എസ്എഫ്‌ഐയുടെ സംഘടനാ രീതയും കേഡര്‍മാരുടെ വികാരവും പരിഗണിക്കാതെ വ്യക്തി താല്‍പര്യം മാത്രം പരിഗണിച്ചെടുത്ത ഈ ‘തുഗ്ലക്’ പരിഷ്‌കാരത്തിന് കനത്ത വിലയാണ് എസ്എഫ്‌ഐക്ക് പിന്നീട് കൊടുക്കേണ്ടിവന്നത്.

നിരവധി വര്‍ഷങ്ങളായി കുത്തകയാക്കി വച്ചിരുന്ന നിരവധി ക്യാംപസുകളും കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ഭരണവുമെല്ലാം എസ്എഫ്‌ഐക്ക് നഷ്ടപ്പെടുത്തേണ്ടിവന്നത് നേതൃനിരയിലേക്ക് ഒരു സുപ്രഭാതത്തില്‍ വന്നുകയറിയ ‘ബാലസംഘം’ നേതാക്കളുടെ പരിചയക്കുറവാണ്.

സമര സംഘടനയായ എസ്എഫ്‌ഐക്ക് സമര മുഖത്ത് കാലിടറിയപ്പോള്‍ നേട്ടം കൊയ്തത് വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും വര്‍ഗ്ഗീയ സംഘടനകളുമാണ്.

മുന്‍കാലങ്ങളില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ എസ്എഫ്‌ഐ നേതാക്കളുടെ പേരുകള്‍ കാണാപ്പാടമായിരുന്നെങ്കില്‍ ദൃശ്യ-നവ മാധ്യമങ്ങള്‍ കൊടികുത്തി വാഴുന്ന ഈ കാലത്തുപോലും എസ്എഫ്‌ഐ നേതാക്കള്‍ അദൃശ്യരാണ്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചാനലുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവിടെ പലപ്പോഴും എസ്എഫ്‌ഐ നേതാക്കള്‍ക്ക് പകരക്കാരാകേണ്ട ഗതികേടിലാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍.

പ്രായപരിധി, സര്‍വ്വകലാശാലകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്നതിന് എസ്എഫ്‌ഐ നേതാക്കളെ പിറകോട്ട് അടിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ്.

പ്രായത്തില്‍ മുതിര്‍ന്നവരായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നേതൃത്വപരമായ നിര്‍ദേശം നല്‍കാന്‍ പോലും നിലവിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കഴിയുന്നില്ല.

ഇതുമൂലം അക്കാദമിക് കൗണ്‍സില്‍, സെനറ്റ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലെ തെരഞ്ഞെടുപ്പുകളിലും എസ്എഫ്‌ഐക്ക് കാലിടറി. സംഘടനപരമായ ഈ പരിമിതി പരിഗണിച്ച് പ്രായപരിധി ഒഴിവാക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുമെന്ന പ്രതീക്ഷ എസ്എഫ്‌ഐ അണികള്‍ക്കിടയിലും ശക്തമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത നേതൃയോഗത്തില്‍ 25 വയസ് പരിധി തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ കൂട്ടത്തോടെ സംസ്ഥാന നേതൃത്വം പടിയിറങ്ങുന്ന പുതിയ കാഴ്ചക്കാണ് 18 മുതല്‍ തൃശൂരില്‍ ആരംഭിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം സാക്ഷ്യം വഹിക്കുക.

തിരിച്ചടികളില്‍ നിന്ന് പാഠം പഠിക്കാത്ത സിപിഎം നേതൃത്വവും എസ്എഫ്‌ഐ അഖിലേന്ത്യാ നേതൃത്വവും എസ്എഫ്‌ഐ എന്ന മഹത്തായ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ തലയില്‍ വീണ്ടും ആണിയടിച്ച് ചരിത്രപരമായ വിഡ്ഡിത്തരം ആവര്‍ത്തിക്കുമ്പോള്‍ അവര്‍ സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു തെരഞ്ഞെടുപ്പിലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടില്ലെന്ന് പറയുന്നതിന് സമാനമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എസ്എഫ്‌ഐക്കും ഒരു സമരവും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ട് പ്രക്ഷോഭ കൊടുങ്കാറ്റ് അഴിച്ച് വിടുന്ന കേരളത്തിലെ സമര വീര്യം സിപിഎം വിഭാഗീയതയില്‍ തട്ടി തകര്‍ന്നതും നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യവും എസ്എഫ്‌ഐയുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ തൃശങ്കുവിലാക്കിയിരിക്കുകയാണ്.

Top