എസ്.പിയെ തെറുപ്പിച്ചത് എന്‍ജിനീയറെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് !

കല്‍പ്പറ്റ; വയനാടിന്റെ ജനകീയ പൊലീസ് മേധാവിയായി ചുരുങ്ങിയ നാളുകള്‍ക്കകം പേരെടുത്ത അജിതാ ബീഗത്തെ തെറുപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എന്‍ജിനീയറെ മര്‍ദ്ദിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയാണ് പ്രകോപനത്തിന് കാരണം.

ഇവര്‍ക്കെതിരായ നടപടി ഒഴിവാക്കാന്‍ എസ്.പിയുടെമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും വിലപ്പോയിരുന്നില്ല. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എസ്.പിയെ മാറ്റിച്ചതെന്നാണ്‌ ലഭിക്കുന്ന സൂചന.

എസ്.പിയെ തങ്ങള്‍ വയനാട്ടില്‍ ഇരുത്തിപ്പൊറുപ്പിക്കില്ലെന്ന് ഈ സംഭവത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു.

ജില്ലയിലെ ക്രമസമാധാന പാലന രംഗത്തും ആദിവാസി കോളനികള്‍ ദത്തെടുത്തത് അടക്കമുള്ള ക്ഷേമ പ്രവര്‍ത്തന രംഗത്തും കേവലം അഞ്ച് മാസം കൊണ്ട് സജീവ സാന്നിധ്യമറിയിച്ച അജിതാ ബീഗം സാധാരണക്കാര്‍ക്ക് പ്രാപ്യമായ പൊലീസ് മേധാവിയായി മാറുകയായിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ ശ്രദ്ധ ചെലുത്തിയ എസ്.പി, ആദിവാസികളെ അവരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവത്കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഇതിനായി തയ്യാറാക്കുന്ന പുസ്തകത്തിന്റെ പ്രകാശനം വ്യാഴാഴ്ച കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്ത് നിന്നാണ് അജിതാ ബീഗം കഴിഞ്ഞ മാര്‍ച്ചില്‍ വയനാട് പൊലീസ് മേധാവിയായി സ്ഥലംമാറ്റം വാങ്ങിയെത്തിയത്.

കോയമ്പത്തൂര്‍ സ്വദേശിയായ അജിതാ ബീഗം ഏറെ താല്‍പര്യത്തോടെയാണ് വയനാടിന്റെ ക്രമസമാധാനപാലന ചുമതല ഏറ്റെടുത്തത്.

വയനാട്ടിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ അനുഭവിക്കുന്ന ദുരിതവും നിസ്സഹായതയും പൊലീസ് മേധാവിയെ ഏറെ സ്പര്‍ശിച്ചപ്പോള്‍ കാക്കിക്കുള്ളിലെ മനുഷ്യ സ്‌നേഹം ആദിവാസി കോളനികള്‍ ദത്തെടുക്കുകയെന്ന ആശയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് തടയാനുള്ള ശ്രമങ്ങളും നടത്തി. ഓരോ പൊലീസ് സ്റ്റേഷനിലും ഇതിനായി പൊലീസുകാരെ നിശ്ചയിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിന്റെ ഫലമായി മൂന്ന് മാസത്തിനകം 88 കുട്ടികളെ സ്‌കൂളില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.

ചുരുങ്ങിയ നാള്‍ക്കകം ജില്ലയിലെ ഒട്ടേറെ പട്ടികവര്‍ഗ്ഗ കോളനികള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ അജിതാ ബീഗം സമയം കണ്ടെത്തിയിരുന്നു.

സ്ത്രീ പീഡനത്തിന് ഇരയാകുന്ന കേസുകളില്‍ ശക്തമായ നിലപാടാണ് അവര്‍ കൈക്കൊണ്ടത്.

വീട്ടമ്മയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച വിവാദ ബ്ലേഡുകാരനെതിരെ കാപ്പ ചുമത്തുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കാന്‍ എസ്.പി നിലപാടെടുത്തെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഇക്കാര്യത്തില്‍ കടുത്ത അതൃപിതിയിലായിരുന്നു അജിതാ ബീഗം.

പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് കാലാകാലങ്ങളായി തുടരുന്ന രീതികള്‍ മാറ്റി മാതൃകാപരമായ മാറ്റങ്ങള്‍േ വരുത്തിയ പൊലീസ് മേധാവിയില്‍ നിയമപാലകര്‍ക്കും ഏറെ വിശ്വാസമായിരുന്നു. ജില്ലയില്‍ അഞ്ച് മാസത്തിനിടെ ഉദ്ഘാടകയായും മുഖ്യാതിഥിയായുമൊക്കെ അജിതാ ബീഗം പങ്കെടുത്ത പരിപാടികളുടെ എണ്ണം പുതിയ റെക്കോര്‍ഡാണ്.

ജനമൈത്രി പൊലീസ് എന്ന ആശയത്തെ പ്രാധാന്യത്തോടെ കാണുന്ന അജിതാ ബീഗം, ആളുകളുമായി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയായാണ് പൊതുപരിപാടികളെ കണ്ടിരുന്നത്.

‘വളരെ ഇഷ്ടപ്പെട്ട ഇടമാണെനിക്കിന്ന് വയനാട്. അഞ്ച് മാസമാണ് ഞാനിവിടെ ഉണ്ടായിരുന്നതെങ്കിലും വര്‍ഷങ്ങള്‍ ഈ മണ്ണിലുണ്ടായിരുന്നതുപൊലൊരു തോന്നലുമായാണ് ചുരമിറങ്ങുന്നത്.’

വയനാട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട അജിതാ ബീഗത്തിന്റെ പ്രതികരണമാണിത്.

വയനാട്ടില്‍ സേവനമനുഷ്ടിക്കാന്‍ അവസരം ലഭിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ ഇവിടെയെത്തുമെന്നും അവര്‍ പറഞ്ഞു. വളരെ സ്‌നേഹമുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. പ്രശ്‌നങ്ങള്‍ ഏറെ കുറഞ്ഞ ജില്ലയില്‍ ജനങ്ങളെല്ലാം സമാധാന പ്രിയരാണ്. പട്ടിക വിഭാഗത്തില്‍പ്പെട്ട സഹോദരങ്ങളുടെ സ്‌നേഹവും നിഷ്‌കളങ്കതയൊക്കെ എടുത്തുപറയേണ്ടതാണ്.

താന്‍ മാറി പോകുന്നുവെങ്കിലും കോളനികള്‍ ദത്തെടുത്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകും. കളക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അവിടുത്തെ കാര്യങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദത്തെടുത്ത കോളനിയില്‍ വീടില്ലാത്തവര്‍ക്ക് വീട് തയ്യാറാക്കുന്നുണ്ട്. ഏകാധ്യാപക വിദ്യാലയവും സ്ഥാപിക്കും.

വയനാട്ടിലേക്ക് ഏറെ താല്‍പര്യമെടുത്ത് വന്നതാണ് താന്‍. പെട്ടെന്ന് തിരിച്ചുപോകേണ്ടി വന്നതില്‍ നിരാശയുണ്ട്. വെള്ളമുണ്ട, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ നിന്നൊക്കെ കുറേപേര്‍ എന്നെ വിളിച്ചിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട സഹേദരിമാരായിരുന്നു കൂടുതലും. മാഡം വയനാട് വിട്ട് പോകരുതെന്നാണ് അവര്‍ക്ക് അപേക്ഷിക്കാനുണ്ടായിരുന്നത്.

സ്ഥലംമാറ്റമായാല്‍ പോകാതെ പറ്റില്ലെന്ന് അവരെ പറഞ്ഞ് മനസിലാക്കി. എന്തായാലും ഇനിയുമൊരവസരം കിട്ടിയാല്‍ വയനാട്ടിലേക്ക് വരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. -അജിതാ ബീഗം തന്റെ നിലപാട് വ്യക്തമാക്കി.

Top