കൊച്ചി: ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ച് രംഗത്ത് വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ.സി. ജോസഫ് അടക്കമുള്ള നേതാക്കളുടെയും നടപടിയില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
നിരുത്തരവാദപരമായ പ്രവര്‍ത്തനം നടത്തുന്ന അഡ്വക്കേറ്റ് ജനറലിനെ സംരക്ഷിക്കാന്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയത് ശരിയായ നടപടി അല്ലെന്ന നിലപാടാണ് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അടക്കമുള്ള നേതാക്കള്‍ക്കുള്ളത്.
ജഡ്ജിയെ സഭക്കുള്ളില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നപ്പോള്‍ മന്ത്രി കെ.സി.ജോസഫും കോണ്‍ഗ്രസ്സ് വക്താവ് എം.എം. ഹസ്സനും കടുത്ത പരാമര്‍ശങ്ങളുമായാണ് ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ കടന്നാക്രമിച്ചത്.
എത്തിച്ചേര്‍ന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്വവും മഹത്വവും വിസ്മരിക്കരുതെന്നാണ് മുഖ്യമന്ത്രി ജഡ്ജിയെ ഓര്‍മ്മിപ്പിച്ചത്.
”ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാവുമോ?” എന്ന് ചോദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി കെ.സി.ജോസഫ്, മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചിഴക്കാന്‍ ജഡ്ജിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും, ജഡ്ജിയുടെ പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും തുറന്നടിച്ചു.
മന്ത്രി സ്ഥാനത്തിരുന്ന് കെ.സി. ജോസഫ് നടത്തിയ അഭിപ്രായപ്രകടനം അതിരു കടന്നതാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഇതിന് സമാനമായി കോണ്‍ഗ്രസ്സ് വക്താവെന്ന നിലയില്‍ എം.എം.ഹസ്സന്‍ നടത്തിയ അഭിപ്രായ പ്രകടനം കോണ്‍ഗ്രസ്സിന്റെ ഒറ്റ കെട്ടായ അഭിപ്രായമല്ലെന്നും ”എ” ഗ്രൂപ്പിന്റെ അഭിപ്രായമാണെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
ലാവ്‌ലിന്‍ കേസിലടക്കം ജഡ്ജിമാര്‍ക്കെതിരെ നിലപാട് സ്വീകരിച്ച സി.പി.എമ്മിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ എന്ത് ‘ധാര്‍മ്മികതയുടെ’ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജഡ്ജിക്കെതിരെ രംഗത്ത് വന്നിരിക്കുതെന്നാണ് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നും തന്നെ ഉയരുന്ന ചോദ്യം.
പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളടക്കമുള്ളവര്‍ ജഡ്ജിക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നതോടെ പ്രശ്‌നം ‘എ’ ഗ്രൂപ്പിന്റേത് മാത്രമായി മാറിയിരിക്കുകയാണിപ്പോള്‍.
അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയുടെ ഓഫീസിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നത്.
ബാറുടമകള്‍ക്ക് വേണ്ടി ഹാജരായെന്ന് പറഞ്ഞ് അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് ചോദിച്ച കോടതി അദ്ദേഹം ആദ്യം എ.ജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം നന്നാക്കട്ടെ എന്നാണ് തുറന്നടിച്ചത്.
നല്ല രീതിയില്‍ കേസ് നടത്താന്‍ കഴിയില്ലായെങ്കില്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് അടച്ചു പൂട്ടുകയാണ് നല്ലതെന്നും സോളാര്‍ കേസില്‍ കാട്ടുന്ന ആത്മാര്‍ത്ഥത മറ്റ് കേസുകളില്‍ ഇല്ലെന്നും ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് നിരീക്ഷിച്ചിരുന്നു.
കൊടുങ്ങല്ലൂര്‍ അബ്ദു വധകേസ് പരിഗണിക്കവെ സര്‍ക്കാര്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോട്ട് ഫയലില്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി അഡ്വക്കേറ്റ് ജനറലിനും ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ക്കുമെതിരെ വിമര്‍ശനം തുടങ്ങിയത്. എ.ജി. ഓഫീസ് പ്രവര്‍ത്തനം എങ്ങനെയാണെന്ന് തമിഴ്‌നാടിനെ കണ്ട് പഠിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
കോടതി പരാമര്‍ശം വന്‍ വിവാദമാവുകയും പ്രതിപക്ഷം ഏറ്റുപിടിക്കുകയും ചെയ്തതോടെയാണ് ജഡ്ജിക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വന്നത്.
സോളാര്‍, പാമോയില്‍ തുടങ്ങിയ കേസുകളില്‍ മുഖ്യമന്ത്രി സ്ഥാനം തെറിക്കാതെ ഉമ്മന്‍ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തിയതിന് അഡ്വക്കേറ്റ് ജനറലിനോടുള്ള ‘നന്ദി’ പ്രകടനമാണ് നിയമസഭയില്‍ മുഖ്യമന്ത്രിയും പുറത്ത് വിശ്വസ്തരായ നേതാക്കളും നടത്തിയതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം.
അഡ്വക്കേറ്റ് ജനറലിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി ചൂണ്ടികാട്ടിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്നത്.
ബാര്‍ ലൈസന്‍സ് വിവാദത്തില്‍ അഡ്വക്കേറ്റ് ജനറലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന വി.എം. സുധീരന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നയമല്ല എ.ജി.സ്വീകരിച്ചതെന്ന് ചൂണ്ടികാട്ടിയിരുന്നു.
മൂന്നാറിലെ ലാന്‍ഡ് പ്രശ്‌നത്തില്‍ എ.ജി. സ്വീകരിച്ച നിലപാടിനെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം എ.ജിക്കും മുഖ്യമന്ത്രിക്കുമെതിരായ പരാമര്‍ശത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് പ്രതികരിക്കാത്തത് എ ഗ്രൂപ്പ് നേതാക്കളെ വെട്ടിലാക്കിയിട്ടുണ്ട്.
ഹൈക്കോടതി വിമര്‍ശനത്തെ പാര്‍ട്ടിയും അംഗീകരിക്കുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് ഇത് നല്‍കുകയെന്നും സുധീരന്‍ മൗനം വെടിയണമെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം.
എന്നാല്‍ എ.ജിക്കെതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിക്കല്‍ കോണ്‍ഗ്രസ്സ് നയമല്ലെന്നുമുള്ള നിലപാടിലാണ് സുധീരന്‍.