തിരുവനന്തപുരം: എ.ജി ഓഫീസിനെ വിമര്‍ശിച്ച് ജഡ്ജിക്കെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ജഡ്ജി പറയുന്നത്.
എ.ജി ഓഫീസ് അടച്ചുപൂട്ടാന്‍ പറഞ്ഞാല്‍ മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല ഞാന്‍. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്. ഇവരെ സംരക്ഷിക്കാനാണ് താനിവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉന്നയിച്ച ക്രമപ്രശ്നത്തിന് മറുപടി പറയവെയാണ് ഒരിക്കല്‍ കൂടി മുഖ്യമന്ത്രി ജഡ്ജിയെ വിമര്‍ശിച്ച് സംസാരിച്ചത്.
ജുഡീഷ്യറിയെ സര്‍ക്കാര്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വിമര്‍ശിച്ചിരുന്നു. എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രി കെ.സി ജോസഫും ജഡ്ജിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.