ഏകദിനത്തില്‍ രണ്ടാം ഇരട്ട സെഞ്ച്വറി; ചരിത്രം കുറിച്ച് രോഹിത്

കൊല്‍ക്കത്ത: ശ്രീലങ്കക്ക് എതിരായ നാലാം എകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ രോഹിത് ശര്‍മക്ക് ഇരട്ട സെഞ്ച്വറി. രോഹിത്തിന്റെ മികവില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. 404/4. എകദിനത്തില്‍ ഇത് രണ്ടാം തവണയാണ് രോഹിത് ഡബിള്‍ സെഞ്ച്വറി നേടുന്നത്. 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ 209 റെണ്‍സ് നേടിയതാണ് ആദ്യ ഇരട്ട സെഞ്ച്വറി.

രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന എക താരവും രോഹിത് തന്നെ. 264 റണ്‍സെടുത്ത രോഹിത് കുലസേകര എറിഞ്ഞ 50ാം ഓവറിലെ അവസാന പന്തില്‍ ജയവര്‍ധന പിടിച്ചാണ് പുറത്തായത്. എകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി രോഹിതിന് സ്വന്തം. 151 പന്തില്‍ നിന്നാണ് രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ച്വറി നേട്ടം.

173 പന്തില്‍ 33 ബൗണ്ടറികളും 9 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഓസ്‌ട്രേലിയക്കെതിരെ 158 പന്തില്‍ നിന്നാണ് ഇരട്ടസെഞ്ച്വറി നേടിയിരുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സേവഗും മാത്രമാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ മറ്റു ഇന്ത്യക്കാര്‍.

Top