ന്യൂഡല്‍ഹി: ഭരണ സിരാ കേന്ദ്രത്തിന്റെ ഭരണം പിടിച്ചെങ്കിലും പൊലീസ് ഭരണം ഇപ്പോഴും കയ്യെത്താ ദൂരത്ത് നില്‍ക്കുന്നത് ഡല്‍ഹിയുടെ നിയുക്ത മുഖ്യമന്ത്രി കെജ്‌രിവാളിനും സംഘത്തിനും വെല്ലുവിളിയാകും. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴില്‍ വരുന്ന ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ്. രാജ്യ തലസ്ഥാനം എന്ന പ്രത്യേകത മുന്‍നിര്‍ത്തിയാണ് ഈ നടപടി. സമ്പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെടുന്ന കെജ്‌രിവാള്‍ പ്രത്യേകം ലക്ഷ്യമിടുന്നതും പൊലീസിന്റെ നിയന്ത്രണം ലഭിക്കാനാണ്.
സംസ്ഥാന ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അല്ല കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് ഡല്‍ഹി പൊലീസിന് നിലവിലെ സാഹചര്യത്തില്‍ പറ്റുകയൊള്ളു. ബദ്ധവൈരികളായ ബിജെപിയും – ആം ആദ്മി പാര്‍ട്ടിയും നേര്‍ക്കുനേര്‍ നിന്ന് പോരാടുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ‘പക്ഷം പിടിക്കല്‍’വരും നാളുകള്‍ ഡല്‍ഹിയെ പ്രഷുബ്ധമാക്കാനാണ് സാധ്യത.
കഴിഞ്ഞ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ കാലത്ത് ചേരികളില്‍ റെയ്ഡിനെത്തിയ പൊലീസും ആം ആദ്മി പാര്‍ട്ടിക്കാരനായ നിയമമന്ത്രിയും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. നിയമമന്ത്രിക്കെതിരെ കേസെടുക്കാന്‍ പോലും അന്ന് ഡല്‍ഹി പൊലീസ് തയ്യാറായി.
കുറ്റകൃത്യങ്ങളുടെ ‘വിളഭൂമിയായ’ ഡല്‍ഹി ചേരികളെ മാറ്റിയെടുക്കാനും എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കാനും രംഗത്തിറങ്ങുന്ന കെജ്‌രിവാള്‍ ഏത് നിമിഷവും ഇനി പൊലീസുമായി ഏറ്റുമുട്ടാന്‍ തയ്യാറാകുമെന്ന ആശങ്ക പൊലീസ് ഉന്നതര്‍ക്കുമുണ്ട്. പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇടപെടല്‍ നടത്തുമെന്ന കാഴ്ചപ്പാട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുണ്ട്.
ഫലത്തില്‍ ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ വിജയം പുതിയ പോരാട്ടത്തിന് കളമൊരുക്കുന്ന അവസ്ഥയാണ് രാജ്യ തലസ്ഥാനത്തുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ആയിരക്കണക്കിന് ക്യാമറകള്‍ ഡല്‍ഹിയില്‍ സ്ഥാപിക്കുമെന്ന് ഇതിനകം തന്നെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാര്യങ്ങളിലെല്ലാം കേന്ദ്രത്തിന്റെയും ഡല്‍ഹി പൊലീസിന്റെയും സഹായം ഡല്‍ഹി സര്‍ക്കാരിന് അനിവാര്യമാണ്.
പൊലീസ് നേതൃത്വം ‘ഉടക്ക്’വച്ചാല്‍ ഇനി സമാന്തര സംവിധാനവുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമോയെന്ന് പോലും നിയമ വൃത്തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഇമേജ് ഒറ്റ ദിവസംകൊണ്ട് തകര്‍ത്ത് കളഞ്ഞ കെജ്‌രിവാളിന്റെ മുന്നോട്ടുള്ള പാത സുഖകരമായിരിക്കില്ലെന്ന സൂചനയാണ് കേന്ദ്രത്തില്‍ നിന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിവാദ തെരെഞ്ഞെടുപ്പ് ഫണ്ടിന്റെ ഉറവിടം മുന്‍നിര്‍ത്തി ആദായനികുതി വകുപ്പ് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ നോട്ടീസിന് മുന്‍ ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കൂടിയായ കെജ്‌രിവാള്‍ തന്നെയാണ് മറുപടി നല്‍കേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനായി 100 ദിവസത്തെ ഒരു കര്‍മ്മ പരിപാടി തന്നെ അധികാരമേറ്റാലുടന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ രൂപം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ അത് പൊതു സമൂഹത്തിനിടയില്‍ തുറന്ന് കാട്ടാനും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.