ഏറെ പുതുമകളുമായി ‘ജുപ്പിറ്റര്‍ സൈഡ് എക്‌സ് ‘ വിപണിയിലെത്തി; വില 52,426 രൂപ

ടി.വി എസ് മോട്ടോര്‍ കമ്പനിയുടെ ഗീയര്‍ലെസ് സ്‌കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ പുതിയ മോഡല്‍ പുറത്തിറക്കി. അടുത്തയിടെ അവരിപ്പിച്ച പരിമിതകാല പതിപ്പ് ആധാരമാക്കി ‘സെഡ് എക്‌സ്’ എന്നു പേരിട്ടു വില്‍പ്പനയ്‌ക്കെത്തിച്ച മോഡലിന് മുംബൈയില്‍ 52,426 രൂപയാണു വില.

നേരത്തെ പറഞ്ഞു കേട്ടതില്‍ നിന്ന് വ്യത്യസ്തമായി ‘ഡി എക്‌സി’ന്റെ മുന്നില്‍ ടി വി എസ് ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ചിട്ടില്ല. പകരം ചൂട് നിയന്ത്രിക്കുമെന്ന അവകാശവാദത്തോടെ ‘ഡ്യുറ കൂള്‍’ സീറ്റാണു സ്‌കൂട്ടറിലുള്ളത്. ഫ്‌ളോര്‍ ബോര്‍ഡിനും പാനലുകളുടെ ഉള്‍ഭാഗത്തിനും ബീജ് നിറത്തിലുള്ള ലൈനിങ് നല്‍കിയതാണു മറ്റൊരു പുതുമ. ഒപ്പം സ്റ്റാലിയന്‍ ബ്രൗണ്‍, മാറ്റ് ബ്ലൂ എന്നീ പുതുനിറങ്ങളിലും ‘ജുപ്പീറ്റര്‍ സെഡ് എക്‌സ്’ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. കൂടാതെ ടൈറ്റാനിയം ഗ്രേ, മാറ്റ് ബീജ്, സ്പാര്‍ക്ലിങ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, വൊള്‍കാനോ റെഡ്, പ്രിസ്റ്റീന്‍ വൈറ്റ് നിറങ്ങളിലും ‘ജുപ്പീറ്റര്‍’ ലഭ്യമാണ്.

സാധാരണ ‘ജുപ്പീറ്ററി’ലുള്ള എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലിങ് ക്യാപ്, ട്യൂബ്രഹിത ടയര്‍, പാസ് സ്വിച്, അലോയ് വീല്‍ തുടങ്ങിയവയൊക്കെ ‘സെഡ് എക്‌സി’ലുമുണ്ട്. സാങ്കേതിക വിഭാഗത്തിലും മാറ്റമൊന്നുമില്ല; സ്‌കൂട്ടറിനു കരുത്തേകുന്നത് 110 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പരമാവധി എട്ടു ബി എച്ച് പി കരുത്തും എട്ട് എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ലീറ്ററിന് 62 കിലോമീറ്ററാണ് സ്‌കൂട്ടറിനു ടി വി എസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Top