ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ( slimmest smartphone ) എന്ന ഗിന്നസ് റെക്കോര്‍ഡുമായി ജിയോണിയുടെ ഈലൈഫ് എസ്5.1. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണിയുടെ ഈ ഫോണിന് വെറും 5.1 മില്ലിമീറ്റര്‍ മാത്രമാണ് കനം.
ഇതിന് മുമ്പത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണും ജിയോണിയുടെത് തന്നെയാണ്. ഈലൈഫ് എസ്5.5 മോഡലിന്റെ കനം 5.5 മില്ലിമീറ്റര്‍ ആയിരുന്നു.അതിനെയും കടത്തിവെട്ടിയാണ് 5.1 മില്ലീമീറ്റര്‍ കനമുള്ള ഈലൈഫ് എസ് 5.1 എത്തിയിരിക്കുന്നത്.
ഗ്ലാസ്സ്‌മെറ്റല്‍ കോമ്പിനേഷനിലുള്ളതാണ് പുത്തന്‍ ഈലൈഫിന്റെ ബോഡി. 4.8 ഇഞ്ചാണ് സ്‌ക്രീന്‍. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 1 ജിബി റാം ഉള്ള ഫോണിന് 16 ജിബി ആണ് ഇന്റേണല്‍ സ്‌റ്റോറേജ്.
ആന്‍ഡ്രോയ്ഡ് 4.3 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. എല്‍ഇഡി ഫ് ളാഷോടു കൂടിയ 8 മെഗാപിക്‌സല്‍ മുഖ്യക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഈലൈഫ് എസ് 5.1 നുണ്ട്. ഏകദേശം 20,000 രൂപയാകും (325 ഡോളര്‍) ഫോണിന്റെ വില.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഫോണ്‍ നവംബറോടെ ഇന്ത്യയിലും എത്തുമെന്ന് ജിയോണീ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യ ഹെഡ് അരവിന്ദ് വോഹ്‌റ പറഞ്ഞു. എല്‍ടിഇ (4ജി) കണക്ടിവിറ്റിയുമായാണ് ഫോണ്‍ ചൈനയില്‍ എത്തിയതെങ്കിലും, ഇന്ത്യയിലെ എല്‍ടിഇ ബാന്‍ഡിനെ ഫോണ്‍ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷമാണ് ജിയോണി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഈലൈഫ് ശ്രേണിയിലെ എസ്5.5 ആണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ വില്‍പ്പനയിലുള്ള ഫോണ്‍.