ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സലിന് വെള്ളി. ഒരു മിനിറ്റും 48 സെക്കന്റും 43 മില്ലി സെക്കന്റും സമയമെടുത്താണ് മലയാളി താരത്തിന്റെ ഫിനിഷിങ്. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരനായിട്ടാണ് അഫ്സൽ ഫൈനലിന് എത്തിയത്. ഇതേ ഇനത്തിൽ കസാഖിസ്ഥാൻ താരത്തിനാണ് സ്വർണം.
92 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ നരേന്ദ്രർ ബെർബാൾ വെങ്കലമെഡൽ സ്വന്തമാക്കിയതാണ് 10-ാം ദിനത്തിൽ ഇന്ത്യയുടെ അവസാന മെഡൽ നേട്ടം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 69 ആയി. 15 സ്വർണവും 26 വെള്ളിയും 28 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി. മറ്റൊരു ചരിത്ര നേട്ടത്തിന് തൊട്ടരികിലാണ് ഇന്ത്യ. രണ്ട് മെഡലുകൾ കൂടി ലഭിച്ചാൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന മെഡൽനേട്ടമാകും. 2018ൽ ജക്കാർത്തയിൽ നേടിയ ഇന്ത്യ നേടിയ 70 മെഡലുകളാണ് ഏറ്റവും ഉയർന്ന നേട്ടം. മെഡൽപട്ടികയിൽ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയിൽ ഒന്നാമത്.
പുരുഷന്മാരുടെ ഡെക്കാത്‌ലോണിൽ ഇന്ത്യയുടെ തേജ്വസിൻ ശങ്കർ വെള്ളി മെഡൽ സ്വന്തമാക്കി. 7666 പോയിന്റോടെയാണ് തേജ്വസിൻ ശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്. ദേശീയ റെക്കോർഡോടെയാണ് തേജ്വസിൻ ശങ്കറിന്റെ നേട്ടം. 49 വർഷത്തിന് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യ വെള്ളി നേടുന്നത്. പുരുഷന്മാരുടെ ട്രിപിൾ ജമ്പിൽ പ്രവീൺ ചിത്രവേൽ വെങ്കലമെഡൽ സ്വന്തമാക്കി. 16.68 മീറ്റർ ദൂരം ചാടിയാണ് ചിത്രവേലിന്റെ നേട്ടം.