ജറുസലേം: ഐഎസ്‌ഐഎല്ലില്‍ ചേരുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും പുരുഷന്‍മാരും വരുന്നത് വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ ഐഎസ് ഭീകരര്‍ക്കെതിരെ പോരാടുവാനും ഒരു സ്ത്രീ ഇത്തരത്തില്‍ സിറിയയില്‍ എത്തിയിരിക്കുന്നു. കാനഡയില്‍ ജനിക്കുകയും ഇസ്രയേലിലേക്ക് കുടിയേറുകയും ചെയ്ത യുവതി കുര്‍ദ് സേനയില്‍ ചേര്‍ന്ന് ഐഎസ് ഭീകരര്‍ക്കെതിരെ പോരാടുകയാണ്. 31 കാരിയായ ഗില്ല് റോസന്‍ബെര്‍ഗാണ് കുര്‍ദ് സേനയില്‍ പൈലറ്റായി ചേര്‍ന്ന് ഭീകര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുന്നത്.
ഇസ്രയേല്‍ സൈന്യത്തിലും ഇവര്‍ പൈലറ്റായി ജോലി ചെയ്തിട്ടുണ്ട്. 2009-ല്‍ യുഎസില്‍ ഒരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇസ്രയേല്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് താന്‍ ഇറാക്കിലേക്ക് യാത്ര ചെയ്തിട്ടുണ്‌ടെന്നും സിറിയയില്‍ കുര്‍ദ് സേനയ്‌ക്കൊപ്പം ഐഎസ് ഭീകരര്‍ക്കെതിരേ പോരാടുകയാണെന്നും ഗില്ല് റോസന്‍ബെര്‍ഗ് വെളിപ്പെടുത്തിയത്.